സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കുടുംബ കാഴ്ചപ്പാടിനെതിരെ മാത്യുകുഴല്‍നാടൻ; മുല്ലപ്പള്ളിക്ക് തുറന്നകത്ത്

By Web TeamFirst Published Nov 14, 2020, 1:26 PM IST
Highlights

മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകൾക്ക് കൂടുതലായി അവസരം നൽകുന്നത് നന്നായിരിക്കും

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടികാട്ടി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് അദ്ദേഹം കത്തയച്ചു. മൂന്നു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകരുതെന്നും മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകളിലെ പ്രവർത്തകർക്ക് കൂടുതലായി അവസരം നൽകണമെന്നും കത്തിൽ മാത്യു ആവശ്യപ്പെടുന്നു.

കത്തിന്‍റെ പൂർണ രൂപം ചുവടെ

ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്‍റിന്,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവല്ലോ. വിവിധ തലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ നിർണയിക്കുന്നതിനുള്ള പാർട്ടി മീറ്റിങ്ങുകൾ നടക്കുന്ന ഈ സമയത്ത് സുപ്രധാനമായ ചില കാര്യങ്ങൾ പരാമർശിച്ചു കൊള്ളട്ടെ. 

1.  തുടർച്ചയായി ഒരേ വ്യക്തികൾ തന്നെ മത്സരിക്കുക കോൺഗ്രസിൽ കാണുന്ന ഒരു പ്രവണതയാണല്ലോ. കാലോചിതമായി ഇക്കാര്യത്തിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. മൂന്നു തവണ തുടർച്ചയായി മത്സരിച്ചവരെ മാറ്റി പുതിയ പ്രവർത്തകർക്ക് അവസരം നൽകുവാനുള്ള നിർദ്ദേശമുണ്ടാകേണ്ടത് ഉചിതമായിരിക്കും. ഇത് പ്രവർത്തകരിൽ കൂടുതൽ ആവേശവും പരിശ്രമ ത്വരയും സർവോപരി പാർട്ടിയിലുള്ള വിശ്വാസവും വർധിപ്പിക്കും.

2. സ്ഥാനാർഥി നിർണയത്തിൽ  കുടുംബങ്ങളോടുള്ള സ്നേഹം വർധിതമായി  പ്രകടമാക്കുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്.വനിതാ, പട്ടികജാതി സീറ്റുകളിൽ  വിശേഷിച്ച് ഇത് പ്രകടമാണ്. സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറ്റി കോൺഗ്രസ് എന്ന കുടുംബത്തിലെ  മഹിള കോൺഗ്രസ്, ദളിത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകൾക്ക് കൂടുതലായി അവസരം നൽകുന്നത് നന്നായിരിക്കും.

മേൽപ്പറഞ്ഞ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെട്ട് ഉചിതമായ മാർഗനിർദ്ദേശം പാർട്ടിയുടെ താഴെ തട്ടിലേക്കു നൽകണമെന്ന് അഭ്യർഥിക്കുന്നു.


സ്നേഹപൂർവം
ഡോ.മാത്യു കുഴൽനാടൽ
കെ പി സി സി ജനറൽ സെക്രട്ടറി

click me!