മാസപ്പടി വിവാദം: മാത്യു മാപ്പ് പറയണം, മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുതെന്ന് എകെ ബാലൻ

Published : Oct 22, 2023, 11:06 AM ISTUpdated : Oct 22, 2023, 11:07 AM IST
മാസപ്പടി വിവാദം: മാത്യു മാപ്പ് പറയണം, മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുതെന്ന് എകെ ബാലൻ

Synopsis

ഇൻകം ടാക്സ് റെയ്ഡ് വന്നപ്പോൾ സിഎംആർഎല്ലിലെ ഒരു ഉദ്യോഗസ്ഥൻ പേടിച്ച് പറഞ്ഞതിനെ മുഖവിലക്കെടുത്താണ് മാസപ്പടി വിവാദത്തിൽ വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ബാലൻ

പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. എക്സാലോജികിന്റെ ഭാഗത്ത് നിന്നും ഐടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് സേവനവും ലഭിച്ചെന്ന് സിഎംആർഎൽ സത്യവാങ്മൂലം നൽകിയതാണ്. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽ റിഡ്രസൽ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിൽ ഇൻകം ടാക്സിനും ജിഎസ്‌ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലൻ പറഞ്ഞു.

മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ഇൻകം ടാക്സ് റെയ്ഡ് വന്നപ്പോൾ സിഎംആർഎല്ലിലെ ഒരു ഉദ്യോഗസ്ഥൻ പേടിച്ച് പറഞ്ഞതിനെ മുഖവിലക്കെടുത്താണ് മാസപ്പടി വിവാദത്തിൽ വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. സിഎംആർഎൽ കമ്പനി നൽകിയ സത്യവാങ്മൂലം ആരും പരിഗണിച്ചില്ല. ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡ് വീണക്കെതിരെ പരാമർശം നടത്തിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്. വീണയുടെ ഭാഗം കേൾക്കാതെ വീണയെയും അച്ഛനായ മുഖ്യമന്ത്രിയെയും പരാമർശിക്കാൻ ബോർഡിന് എന്ത് അധികാരമാണ് ഉള്ലതെന്നും എകെ ബാലൻ ചോദിച്ചു. എക്സാലോജിക് കർണാടകയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ്. വിശദമായ പരിശോധന നടത്താൻ സമയമെടുത്തത് കൊണ്ടാവും റിപ്പോർട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസ് - എൻഡിഎ ലയനവുമായി ബന്ധപ്പെട്ട വിവാദം ലോക്സഭാ തെരഞ്ഞെടുപ്പിൽ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എകെ ബാലൻ വിമർശിച്ചു. മതന്യൂനപക്ഷങ്ങളിൽ മുഖ്യമന്ത്രിക്കുള്ള പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമം. ആർഎസ്എസിന്റെ ആളാണ് പിണറായി എന്ന് വരുത്തിത്തീർക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്. ആർഎസ്എസ് 10 കോടി തലയ്ക്ക് വിലയിട്ട ആളാണ് പിണറായി വിജയൻ. അങ്ങനെ ചരിത്രം കോൺഗ്രസിലെ ഏതെങ്കിലും നേതാവിന് ഇല്ലല്ലോ. സിപിഎം ആർഎസ്എസിനെതിരെ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ ജനത്തിന് അറിയാം. ഇതിന് മുൻപ് കുറച്ച് ദിവസം ആരോഗ്യമന്ത്രി വീണ കൈക്കൂലി വാങ്ങിയെന്നും പേഴ്സണൽ സ്റ്റാഫ് അവരുടെ ബന്ധുവാണെന്നും പ്രചരിപ്പിച്ചു. ഇതൊന്നും ശരിയല്ലെന്ന് കേരളത്തിലെ ജനത്തിന് അറിയാം. ഇത്തരം കള്ളങ്ങൾ എത്ര തവണ പ്രചരിപ്പിച്ചാലും എൽഡിഎഫിനോ അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരും പോറലും ഏൽക്കില്ലെന്നും എകെ ബാലൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി