മത സൗഹാര്‍ദ സന്ദേശവുമായി മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ; ശ്രീരാമ കൃഷ്ണാശ്രമത്തിലെത്തി, വൃക്ഷത്തൈ നട്ടു

Published : Mar 08, 2023, 11:09 AM IST
 മത സൗഹാര്‍ദ സന്ദേശവുമായി മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ; ശ്രീരാമ കൃഷ്ണാശ്രമത്തിലെത്തി, വൃക്ഷത്തൈ നട്ടു

Synopsis

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ആശ്രമം സന്ദർശിച്ച്  അംഗങ്ങളെയും ആശ്രമത്തിന്‍റെ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആണെന്ന് ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ  പറഞ്ഞു.

തൃശ്ശൂര്‍: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാബാവ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സന്ദര്‍ശിച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.  'ഭാരതത്തിന്റെ അഭിമാനമായ വിവേകാനന്ദ സ്വാമികളുടെ ഗുരുവിന്റെ സ്മരണാർത്ഥം സ്ഥാപിതമായി ആധ്യാത്മിക പ്രകാശം പരത്തുന്നതും മതസൗഹാർദത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതുമായ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിച്ചേരാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ആശ്രമത്തിന്റെ ചൈതന്യവും സത്തയും ഭാരതത്തിൽ മാത്രമല്ല സർവ ലോകത്തിനും നന്മ വിതറുന്നതും പ്രകാശം ചൊരിയുന്നതും ആയി തീരട്ടെയെന്ന് ബാവ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണം ഓർത്തഡോക്സ് സഭയുടെ മുഴുവൻ വിശ്വാസികൾക്കും നൽകിയ സ്വീകരണമായി ഞാൻ സ്വീകരിക്കുന്നുവെന്നും കാതോലിക്കാബാവ പറഞ്ഞു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ആശ്രമം സന്ദർശിച്ച്  അംഗങ്ങളെയും ആശ്രമത്തിന്‍റെ പ്രവർത്തനങ്ങളെയും ആശിർവദിച്ച് അനുഗ്രഹിക്കുന്നത് ഒരു ചരിത്രസംഭവം ആണെന്ന് ആശ്രമം മഠാധിപതി സ്വാമി സദ് ഭവാനന്ദ  പറഞ്ഞു.  കാതോലിക്കാ ബാവയുടെ എല്ലാ സംരംഭങ്ങളും ആത്മീയ നേതൃത്വവും ഓർത്തഡോക്സ് സഭയ്ക്ക് മാത്രമല്ല ഇതര സഭകൾക്കും എല്ലാ മതങ്ങൾക്കും ബലവും ശക്തിയും പകരും എന്നും സ്വാമി സദ് ഭവാനന്ദ കൂട്ടിച്ചേർത്തു.

പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാനത്മജനന്ദ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും പങ്കെടുത്തു. മറ്റ് മതമേലധ്യക്ഷന്മാരുമായും ആത്മീയകേന്ദ്രങ്ങളുമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ള ഹൃദയബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാനമേറ്റതുമുതല്‍ മാത്യൂസ് ത്രിതീയന്‍ ബാവ നടത്തുന്നത്. ഇതിന്റെ ഭാഗമായി ശിവഗിരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേരളത്തിന്റെ മുഖമുദ്രയായ മതമൈത്രിയുടെ വിളംബരമെന്നോണമാണ് ബാവ ഈ സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തിയത്. സാമൂഹിക ഐക്യം ഉറപ്പുവരുത്തുക, മതസൗഹാർദം വിപുലപ്പെടുത്തുക, എന്നീ ലക്ഷ്യത്തോടെ ആശ്രമ അങ്കണത്തിൽ  വൃക്ഷത്തൈ നട്ടാണ്  ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ മടങ്ങിയത്.

Read More : ആറ്റുകാൽ പൊങ്കാല ദിവസം വൈറലായൊരു ചിത്രം! പൊങ്കാലയിട്ട അമിത് ഖാന് പറയാനുള്ളത്...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്
ദേശീയ ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ കേരളത്തിന് ആദ്യ അംഗം; അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു