
തൃശൂര്‍: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂരിൽ പാർട്ടിക്ക് വഴങ്ങി വിമത അംഗങ്ങൾ. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും നാളെ തന്നെ രാജിക്കത്ത് കൈമാറുമെന്ന് കോൺഗ്രസ് വിമതർ അറിയിച്ചു. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം ജോൺ എംഎൽഎ മായുള്ള ചർച്ചയിലൂടെയാണ് മറ്റത്തൂരിൽ സമവായത്തിന് വഴിയൊരുങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസിന്‍റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും രാജിവെക്കില്ലെന്നാണ് ടെസി ജോസ് അറിയിച്ചതെന്നും ടിഎം ചന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കെപിസിസി പറയുന്നത് അനുസരിക്കുമെന്നും പൂര്‍ണ മനസോടെയാണ് രാജിവെക്കുന്നതെന്നും രാജിവെയ്ക്കരുതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും നൂര്‍ജഹാൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ധിക്കരിക്കില്ലെന്ന് ഞങ്ങൾ നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു. ഞങ്ങളുടെ ആവശ്യം കെപിസിസി ഇതുവരെ നിരാകരിച്ചതായി അറിഞ്ഞിട്ടില്ലെന്നും വിമത അംഗങ്ങള്‍ പറഞ്ഞു.മറ്റത്തൂരിൽ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടത് ഗുണ്ടാ നേതാവാണെന്ന് ടിഎം ചന്ദ്രൻ ആരോപിച്ചു. ഗുണ്ടാ നേതാവ് കൊടകര റഷീദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റത്തൂരിൽ മൂന്നുപേർക്ക് ഡിസിസി നേരിട്ട് ചിഹ്നം അനുവദിച്ചത്. ഡിസിസിയെ സമീപിചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മറ്റത്തൂരിൽ സി പി എമ്മിന്‍റെ ഭാഗത്ത് നിന്ന് വലിയ പീഡനം സഹിച്ചു. മറ്റത്തൂരിൽ ബി ജെ പിയുമായി ചർച്ച നടത്തിയിട്ടില്ല. ആറുമാസത്തിനുശേഷമായിരിക്കും ഭരണസമിതിക്കെതിരെ അവിശ്വാസം വരുക. അക്കാര്യം അപ്പോള്‍ തീരുമാനിക്കും. ഇപ്പോൾ പാർട്ടിക്ക് പുറത്തായതുകൊണ്ട് പ്രതികരിക്കാനാവില്ലെന്നും താൻ സാഹചര്യത്തിന്റെ അടിമയാണെന്നും തൃശൂരിൽ യുഡിഎഫ് തരംഗം ഉണ്ടാവാത്തെന്തുകൊണ്ടെന്ന് പാർട്ടി ചർച്ച ചെയ്യണമെന്നും ടിഎം ചന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam