
ആലപ്പുഴ: മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീ മഹേഷ് ട്രെയിനിൽ നിന്ന് ചാടിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റിയിട്ടാണെന്ന് വിവരം. മൂത്രമൊഴിക്കാനെന്ന വ്യാജേന ട്രെയിനിലെ സീറ്റിൽ നിന്ന് എഴുന്നേറ്റ പ്രതിയെ ശുചിമുറി വരെ പൊലീസുകാരും അനുഗമിച്ചിരുന്നു. ഇവിടെ വച്ച് ശ്രീമഹേഷ് അപ്രതീക്ഷിതമായി പൊലീസുകാരെ തള്ളിമാറ്റി. പിന്നീട് ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മുൻപ് ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയെ കരുതലോടെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും വീഴ്ച പറ്റിയെന്നാണ് വ്യക്തമാകുന്നത്.
കൊല്ലം ശാസ്താംകോട്ടയിൽ വച്ചാണ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മാവേലിക്കര സ്വദേശി ശ്രീമഹേഷ് ജീവനൊടുക്കിയത്. വിചാരണയ്ക്കായി ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു പ്രതിയുടെ അപ്രതീക്ഷിത നീക്കം. ഇന്ന് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിൻ ശാസ്താംകോട്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനിൽ നിന്ന് ഇയാൾ ട്രാക്കിലേക്ക് ചാടിയത്.
സംഭവസ്ഥലത്ത് തന്നെ ശ്രീമഹേഷ് മരിച്ചു. ആലപ്പുഴ കോടതിയിൽ വച്ച് പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. എന്നാൽ തന്നിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച ശേഷമാണ് ഇയാൾ പൊലീസുകാര്‍ക്കൊപ്പം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തിരിച്ചത്. 2023 ജൂണിലാണ് ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി ശ്രീ മഹേഷ് കൊലപ്പെടുത്തിയത്.
സർപ്രൈസ് നൽകാമെന്ന് പറഞ്ഞ് കുഞ്ഞിനെ കബളിപ്പിച്ചായിരുന്നു അരുംകൊല പ്രതി നടത്തിയത്. അമ്മയെയും പ്രതി അന്നേ ദിവസം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രണ്ടാം വിവാഹത്തിന് മകൾ തടസമാകുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം എന്നാണ് വിവരം. നേരത്തെ മാവേലിക്കര സബ് ജയിലിൽ വച്ച് കഴുത്തറുത്ത് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam