'സൈഡ് തരാത്തതല്ല പ്രശ്നം';കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള പ്രശ്നത്തില്‍ ആര്യ രാജേന്ദ്രന്‍റെ വിശദീകരണം

By Web TeamFirst Published Apr 29, 2024, 12:01 PM IST
Highlights

''കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു''

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി കാണിച്ചത് ചോദിക്കാനാണ് പോയതെന്നുമാണ് ആര്യയുടെ വിശദീകരണം.

ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവും ആര്യയുടെ സഹോദരന്‍റെ ഭാര്യയും സഞ്ചരിച്ച കാറിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുക്കാതെ പോയതോടെ ഇത് ചോദ്യം ചെയ്യാൻ ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തി, ഡ്രൈവറുമായി വാക്കേറ്റമുണ്ടായി എന്നാണ് ആക്ഷേപം. എന്നാല്‍ സംഭവിച്ചത് അതൊന്നുമല്ലെന്നാണ് ആര്യ രാജേന്ദ്രൻ നല്‍കുന്ന വിശദീകരണം.

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടുമെന്ന നിലയില്‍ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരന്‍റെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു, ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു, ശേഷം ബസ് ഓവര്‍ടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയില്‍ മുന്നോട്ട് പോയി, പാളയത്ത് സിഗ്നലില്‍ വാഹനങ്ങള്‍ നിന്നപ്പോള്‍ തങ്ങള്‍ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നും ആര്യ രാജേന്ദ്രൻ.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹം ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്‍റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ.

മന്ത്രിയെ വിളിച്ചിരുന്നു, ഡിസിപിയെ വിളിച്ചിരുന്നു, കന്‍റോൺമെന്‍റ് പൊലീസിനെ വിളിച്ചു, വിവരങ്ങളെല്ലാം ധരിപ്പിച്ചു, കെഎസ്ആര്‍ടിസി വിജിലൻസ് ടീമിനെ സ്ഥലത്തേക്ക് പറ‍ഞ്ഞയക്കാമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു, ഇതിനെല്ലാം ശേഷം മാത്രമാണ് യദു മാന്യമായി പെരുമാറിയത്, പിന്നീട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചുവെന്നും ആര്യ രാജേന്ദ്രൻ.

Also Read:- മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!