വെള്ളക്കെട്ട്: ഓപ്പറേഷന്‍ അനന്ത മോഡല്‍ പദ്ധതി കൊച്ചിയിലും, 150 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മേയര്‍

By Web TeamFirst Published Oct 26, 2019, 11:32 AM IST
Highlights

കൊച്ചിയിലെ വെള്ളക്കെട്ടിന് നിലംനികത്തലും അനധികൃത നിർമ്മാണങ്ങളും കാരണമായെന്ന് മേയര്‍ സൗമിനി ജെയിന്‍. 

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിന് നിലംനികത്തലും അനധികൃത നിർമ്മാണങ്ങളും കാരണമായെന്ന് മേയര്‍ സൗമിനി ജെയിന്‍. വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഓപ്പറേഷന്‍ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയില്‍ വിഭാവനം ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. പദ്ധതി 150 ദിവസം കൊണ്ട് നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. ടി ജെ വിനോദിന്‍റെ വിജയം നഗരസഭാ പ്രവർത്തനങ്ങളുടെ അംഗീകാരമാണെന്നും സൗമിനി ജെയിന്‍ പറഞ്ഞു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ദൗത്യസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഓപ്പറേഷന്‍ അനന്ത മാതൃകയിലുള്ള പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമുയര്‍ന്നത്. പ്രശ്ന പരിഹാരത്തിന്  കോര്‍പ്പറേഷന് പരിമിതകളുണ്ടെന്നും, വിവിധ ഏജന്‍സികളെ  ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വേണമെന്നും യോഗം വിലയിരുത്തി. കനാലുകള്‍ വൃത്തിയാക്കുക, ഓടകളുടെ അശാസ്ത്രീയത പരിഹരിക്കുക എന്നിവയുള്‍പ്പെടെ, തിരുവനന്തപുരത്ത് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത മാതൃകയിലുള്ള പദ്ധതി കൊച്ചിയില്‍  നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ നഗരസഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണ്. നിഷ്ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹൈക്കോടതിയുടെ വിമര്‍ശനം ശാസ്ത്രീയ വശങ്ങള്‍ പരിശോധിച്ചിട്ടാണോയെന്നതില്‍ സംശയമുണ്ടെന്ന് സൗമിനി ജെയിന്‍ പറഞ്ഞു.പക്ഷപാതപരമായി  നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ശരിയല്ല. തന്നെ ബലിയാടാക്കാൻ ശ്രമിച്ചതായി കരുതേണ്ടതില്ലെന്നും തെറ്റിധാരണകള്‍ ഉള്ളവര്‍ അതുമാറികഴിയുമ്പോള്‍ അടുത്തുവരുമെന്നും മേയര്‍ പറഞ്ഞു. 

click me!