
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയത് അങ്ങേയറ്റത്തെ മര്യാദകേടെന്ന് മന്ത്രി എംബി രാജേഷ്. വകുപ്പു മന്ത്രിയെ കൂടി വിളിക്കുക എന്നതാണ് നടപടിക്രമമെന്നും റിയാസിനെ ഒഴിവാക്കിയത് കേരളത്തോടുള്ള വെല്ലുവിളിയാണ്. മതനിരപേക്ഷ കേരളത്തെ അപമാനിച്ചു. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. തന്നെ ക്ഷണിച്ച കാര്യം അറിയുന്നത് ഇന്നലെയാണ്. നിശ്ചയിച്ച പരിപാടികൾ മാറ്റിനിർത്തി പോകേണ്ടതില്ല എന്ന് തീരുമാനിച്ചു. കഴിഞ്ഞ തവണത്തെ പരിപാടിയിൽ പോയപ്പോൾ എസ്പിജി തന്ന പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചു. അന്ന് താൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചതാണ്. പിന്നീട് വ്യവസ്ഥ ഉപേക്ഷിച്ചപ്പോഴാണ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് അത് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നത്. ദേശീയപാതയിൽ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസർക്കാർ. കേരളത്തിന്‍റെ കാര്യം വരുമ്പോഴൊക്കെ നിങ്ങൾ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്‍റെ തെളിവാണിതെന്നും എംബി രാജേഷ് പറഞ്ഞു.
വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ് നിലവില്‍. പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ലത്തതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പിന്നാലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ക്ഷണം ഉണ്ടായിരുന്ന മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്കുട്ടിയും അറിയിക്കുകയായിരുന്നു. സുഖമില്ലാത്തതിനാൽ പങ്കെടുക്കില്ലെന്നാണ് കൃഷ്ണൻ കുട്ടി അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പരിപാടിയിൽ എത്തില്ലെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam