ആർഎസ്എസുമായുള്ള ഡീലിന്‍റെ മാസ്റ്ററാണ് പ്രതിപക്ഷ നേതാവ്, സിപിഎം-ബിജെപി ഡീലെന്ന സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്

Published : Mar 23, 2026, 06:12 PM IST
MB RAJESH

Synopsis

സിപിഎം-ബിജെപി ഡീലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം.ബി രാജേഷ്. ഡീലിന്റെ യഥാർത്ഥ മാസ്റ്റർ സതീശനാണെന്നും, അദ്ദേഹം ആർഎസ്എസ് പിന്തുണ തേടിയിട്ടുണ്ടെന്നും രാജേഷ് ആരോപിച്ചു

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി പി എം - ബി ജെ പി ഡീലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. ഡീലിന്റെ മാസ്റ്റർ പ്രതിപക്ഷ നേതാവാണെന്നാണ് എം ബി രാജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആർ എസ് എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്ന് പറവൂരിൽ ഹിന്ദു ഐക്യവേദി നേതാവ് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പ്രത്യുപകാരമായിട്ടല്ലേ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ സതീശൻ വിളക്ക് കൊളുത്തിയതെന്നും രാജേഷ് ചോദിച്ചു. ഡീൽ ആരോപണം പ്രതിപക്ഷ നേതാവ് ഉയർത്തുന്നത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ്. തെരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കുന്നില്ലെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കേസിൽ അടൂർ പ്രകാശിന്‍റെ പേര് ഉൾപ്പെട്ടിട്ടുള്ളത് കൊണ്ടാണ് ഇത്. ആരോപണം തിരിച്ചടിക്കും എന്ന തിരിച്ചറിവ് കൊണ്ടാണ് ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട്ട് എൽ ഡി എഫിന് ശക്തനായ സ്ഥാനാർഥി വന്നതിന്റെ വിറളിയാണ് പ്രതിപക്ഷ നേതാവിന്. അവർക്ക് ജയിക്കാൻ പറ്റുന്ന സ്ഥാനാർഥിയെയല്ലല്ലോ ഞങ്ങൾ നിർത്തുകയെന്നും രാജേഷ് ചോദിച്ചു. നേരത്തെ പാലക്കാടിന് പുറമേ കാസര്‍കോട്ടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും ഉള്‍പ്പെടെ സി പി എം - ബി ജെ പി ഡീലെന്നായിരുന്ന പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം

സി പി എം - ബി ജെ പി ഡീല്‍ സംബന്ധിച്ച് തെളിവുകള്‍ സഹിതമാണ് യു ഡി എഫ് പറയുന്നത്. പത്തനംതിട്ട ജില്ലയില്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ തവണ മുപ്പത്തിരണ്ടായിരം വോട്ട് നേടിയ കോന്നി സീറ്റ് ബി ഡി ജെ എസിന് നല്‍കി. ശബരിമല ഉള്‍പ്പെടുന്ന റാന്നി 20 ട്വന്റിക്ക് നല്‍കി. എറണാകുളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മാത്രമുള്ള 20 ട്വന്റി പത്തനംതിട്ടയില്‍ എവിടെയാണുള്ളത്? ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നുമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി പറയുന്നത്. അതൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. കാസര്‍കോടും പാലക്കാടും മഞ്ചേശ്വരത്തും റാന്നിയും കോന്നിയും ഉള്‍പ്പെടെ പല സ്ഥലങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടാണ് സി പി എമ്മും ബി ജെ പിയും ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടി കൊള്ളയടിച്ച കേസില്‍ ഇ.ഡി പിടിമുറുക്കുന്നുവെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വാര്‍ത്ത നല്‍കിയപ്പോള്‍, ഇ.ഡി പിടി മുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് അന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതാണ്. സി.പി.എം നേതാക്കളുടെ കഴുത്തിലാണ് ഇ.ഡി പിടിമുറുക്കിയത്. പൂരം അലങ്കോലമാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യം സര്‍ക്കാരും സി.പി.എമ്മും ഒരുക്കിക്കൊടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ.ഡി എവിടെയെങ്കിലും പിടിമുറുക്കിയോ? ആ കേസ് ഇപ്പോള്‍ എവിടെ പോയി? തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിച്ച ശേഷം ഇ.ഡി എവിടെയെങ്കിലും പിടി മുറുക്കിയോ? അവിടെയും ഒരു ഡീല്‍ ആയിരുന്നു. തെളിവ് സഹിതം ഈ ഡീലിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എല്ലാവരും സമ്മതിച്ചു. എം.ആര്‍ അജിത്കുമാര്‍ എന്ന എ.ഡി.ജി.പി മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആര്‍.എസ്.എസും പിന്നീട് എല്ലാവരും നിഷേധിച്ചും. അവസാനം കണ്ടാല്‍ എന്താ കുഴപ്പമെന്നായി. ഈ ഡീലുകളൊക്കെ നേരത്തെയും നടന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയനല്ലേ ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് രഹസ്യമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍കാല ചരിത്രമൊന്നും പിണറായി വിജയന്‍ പഠിപ്പിക്കേണ്ട. അദ്ദേഹം കോലിബി എന്നാണ് പറയുന്നത്. അതിലും പഴയൊരു ചരിത്രമുണ്ടല്ലോ. 77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ആ ചരിത്രമൊന്നും ഞങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. തിരഞ്ഞെടുപ്പിലൂടെ രണ്ട് കാര്യങ്ങളാണ് കേരളം തെളിയിക്കാന്‍ പോകുന്നത്; ഒന്നാമത്തേത് പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. രണ്ടാമതായി മതേതര കേരളമാണെന്ന് കേരളത്തിലെ ജനങ്ങള്‍ രാജ്യത്തോട് വിളിച്ചു പറയും. ഇതു രണ്ടുമാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് നിങ്ങളുടെ ഒരു ഡീലും ഈ തിരഞ്ഞെടുപ്പില്‍ നടക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കത്തിൽ ബിജെപി സീൽ, പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവാദത്തിന് പിന്നാലെ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി