
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. സെപ്റ്റംബര്‍ ആറിന് ഉച്ചക്ക് 12നായിരിക്കും സത്യപ്രതിജ്ഞ.
രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃത്താല. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എംബി രാജേഷിന്‍റെ തോല്‍വിയും അപ്രതീക്ഷിതമായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗം.
'നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം, സ്വീകാര്യനായ സ്പീക്കർ'... എം ബി രാജേഷ് ഇനി മന്ത്രി
തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എഎന്‍ ഷംസീര്‍ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു. രാജേഷിനും ഷംസീറിനും പുറമെ പൊന്നാനി എംഎല്‍എ നന്ദകുമാര്‍ ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു എന്നിവരുടെ പേരുകളും പാര്‍ട്ടി പരിഗണിച്ചു. ഇതില്‍നിന്നാണ് രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും പരിഗണിച്ചത്. സജി ചെറിയാന്‍ രാജിവെച്ചൊഴിഞ്ഞതിന് പകരം ഇപ്പോള്‍ മന്ത്രിയെ നിയമിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
അപ്രതീക്ഷിതം! സഭാനാഥനാകാന്‍ എഎന്‍ ഷംസീര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam