'കംഗാരു കോടതികൾ'; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

Published : Jul 23, 2022, 01:47 PM ISTUpdated : Jul 23, 2022, 01:51 PM IST
'കംഗാരു കോടതികൾ'; മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് ജസ്റ്റിസ്

Synopsis

നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ മുതിര്‍ന്ന ന്യായാധിപൻമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.

ദില്ലി: രാജ്യത്തെ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ (Chief Justice NV Ramana). മാധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നും എൻ.വി.രമണ കുറ്റപ്പെടുത്തി. നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ മുതിര്‍ന്ന ന്യായാധിപൻമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. റാഞ്ചി ഹൈക്കോടതിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം.

രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കൊപ്പം സുരക്ഷിതത്വം ഇല്ലാതെ ജഡ്ജിമാർക്കും കഴിയേണ്ടി വരുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയക്കാർക്കും  പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വിരമിച്ച ശേഷവും സുരക്ഷ നൽകുന്നുണ്ട്. എന്നാൽ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു സംവിധാനവും ഇല്ലായെന്നും എൻ.വി.രമണ ചൂണ്ടിക്കാട്ടി. 

 

ടിവിയിലേയും സോഷ്യൽ മീഡിയയിലേയും കംഗാരു കോടതികൾ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജഡ്ജിമാർ പ്രതികരിക്കാതിരിക്കുന്നത് അവര്‍ ദുര്‍ബലരോ നിസ്സഹായരോ ആയതിനാലാണെന്ന് തെറ്റിദ്ധരിക്കരുത്. 

നവമാധ്യമങ്ങൾക്ക് അനന്തസാധ്യതകളാണുള്ളത്. എന്നാൽ ശരിയും തെറ്റും, നല്ലതും ചീത്തയും, വ്യാജവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനുള്ള  യുക്തി പലപ്പോഴും അവിടെ കാണുന്നില്ല. മാധ്യമങ്ങൾ നടത്തുന്ന വിചാരണകളുടെ അടിസ്ഥാനത്തിൽ അല്ല കോടതികൾ കേസുകൾ തീര്‍പ്പാക്കുന്നത്. മാധ്യമങ്ങൾ നിത്യവും കംഗാരു കോടതികൾ നടത്തുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഇവരുടെ കങ്കാരു കോടതികൾ കാരണം അനുഭവ സമ്പന്നരായ ന്യായാധിപൻമാര്‍ക്ക് പോലും സമ്മര്‍ദ്ദത്തിലാവുന്നു. 

ഒരു വിഷയത്തിൽ നീതി നിശ്ചയിക്കേണ്ടത് അതേക്കുറിച്ച് അറിവില്ലാത്തവരും ആ വിഷയത്തിൽ ഒരു പ്രത്യേക താത്പര്യവും അജൻഡയും ഉള്ളവരും നടത്തുന്ന സംവാദം അടിസ്ഥാനമാക്കിയല്ല. ആ രീതി രാജ്യത്തെ ജനാധിപത്യത്തിന് തന്നെ ഹാനികരമാണ്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പക്ഷപാതപരമായ കാഴ്ചപ്പാടുകൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും വ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്നുണ്ട്. നീതിന്യായ സംവിധാനത്തെ തന്നെ ഈ സംസ്കാരം ഗുരുതരമായി ബാധിക്കും. ജനാധിപത്യത്തോട് മാധ്യമങ്ങൾക്ക് സവിശേഷമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ആ ചുമതല നിങ്ങൾ മറക്കുമ്പോൾ അവിടെ ജനാധിപത്യം തന്നെ രണ്ടടി പിന്നോട്ട് പോകും. 

അച്ചടി മാധ്യമങ്ങൾ  ഇപ്പോഴും ഒരു പരിധി വരെ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. എന്നാൽ ദൃശ്യമാധ്യങ്ങളിലും നവമാധ്യമങ്ങളിലും ഈ ഉത്തരവാദിത്തം തീരെയില്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ പറയുകയും കാണിക്കുകയും ചെയ്യുകയാണ്. സോഷ്യൽ മീഡിയയുടെ കാര്യം ഇതിലും കഷ്ടമാണ്. 

മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണം എന്നാണ് എനിക്ക് അവരോടുള്ള അഭ്യര്‍ത്ഥന. പറയുന്ന കാര്യങ്ങളിൽ വ്യക്തതയും നിയന്ത്രണവും കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് സാധിച്ചാൽ നല്ലതാണ്. നവമാധ്യമങ്ങളും പൊതുവിഷയങ്ങളിൽ ഉത്തരവാദിത്തോടെ പെരുമാറണം എന്നാണ് എൻ്റെ അഭ്യര്‍ത്ഥന. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ