
തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി യെമൻ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥര്‍ ചര്‍ച്ച നടത്തും. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോം, മലയാളികളായ ബാബു ജോണ്‍, സജീവ് എന്നിവരാണ് മദ്ധ്യസ്ഥ ചര്‍ച്ചക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. തലാലിന്‍റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തുക. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ മുഖേനയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാകൂ. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബം മാത്രമല്ല കുടുംബ ഗോത്രവും മാപ്പ് നല്‍കണമെന്നാണ് യെമനിലെ സാഹചര്യം. 70 ലക്ഷം രൂപ മോചനദ്രവ്യം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.
ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അല്‍ ബെയ്ദ ഗവര്‍ണ്ണറേറ്റിലുള്ള തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇദ്ദേഹത്തിന്റെ ജേഷ്ഠനുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് മധ്യസ്ഥ ചർച്ചകൾക്ക് തടസം. അയല്‍രാജ്യമായ ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam