സമരം കടുപ്പിക്കാൻ മെഡിക്കൽ കോളേജ് ഡോക്ടർമാർ; 9-ാം തിയതി മുതൽ അനിശ്ചിതകാല സമരം, ഒപി അടക്കം ബഹിഷ്കരിച്ചേക്കും

By Web TeamFirst Published Feb 6, 2021, 12:13 PM IST
Highlights

ഡോക്ടർമാർ ആവശ്യപ്പെടുന്ന തരത്തിൽ കുടിശ്ശിക നൽകാൻ ഇപ്പോൾ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചു. മാത്രവുമല്ല രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് സമരം മാറിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സമരം കടുപ്പിക്കാൻ മെഡിക്കൽ കോളേജ് ഡോക്ടർമാർ. ഈ മാസം 9-ാം തിയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഒപി അടക്കം ബഹിഷ്കരിച്ചേക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ കുറയ്ക്കും. 18 ആം തിയതി മുതൽ അത്യാഹിത വിഭാഗം, കൊവിഡ് ചികിത്സ ഒഴികെ എല്ലാ ജോലികളും പൂർണമായും നിർത്തിവയ്ക്കും. നടപടി വന്നാൽ നിയമപരമായി നേരിടാനാണ് സംഘടനയുടെ തീരുമാനം. ചർച്ച നടത്താൻ ഇപ്പോൾ പറ്റില്ലെന്ന നിലപാട് സർക്കാർ അറിയിച്ചതോടെയാണ് സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഡോക്ടർമാർ കടക്കുന്നത്. 

ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 2016 മുതൽ ലഭിക്കേണ്ട അലവാൻസുകള്‍ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു. ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

നിലവിൽ അധ്യാപനം, പേ വാർഡ് അഡ്മിഷൻ, വി ഐ പി ഡ്യൂട്ടി, ഔദ്യോഗിക യോഗങ്ങൾ എന്നിവ പൂർണമായും നിർത്തിവച്ചിരിക്കുകയാണ് ഡോക്ടർമാർ. അതേസമയം ഡോക്ടർമാർ ആവശ്യപ്പെടുന്ന തരത്തിൽ കുടിശ്ശിക നൽകാൻ ഇപ്പോൾ  കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. മാത്രവുമല്ല രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് സമരം മാറിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെയും ഒപ്പിട്ട ശേഷം അധ്യാപനം നടത്താത്തവരുടേയും പട്ടിക സർക്കാർ തയാറാക്കുകയാണ്.

click me!