
തിരുവനന്തപുരം: അവയവ മാറ്റ ശസ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ കോളേജിൽ മരണം നടന്നത് അധികൃതരുടെ അനാസ്ഥ കൊണ്ടെന്ന് മരിച്ച സുരേഷിന്റെ സുഹൃത്ത് ചൂഴാൽ നിർമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട്. മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥ കൊണ്ടാണ് വിലപ്പെട്ട ജീവൻ നഷ്ടമായതെന്ന് എസ് എൻ ഡി പി നേതാവ് കൂടിയായ ഇദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ അനാസ്ഥ കാണിച്ചുവെന്നും സർക്കാർ നടപടിയെടുത്തുവെന്ന് നിർമ്മൽ പറഞ്ഞു. സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്താൻ തഹസിൽദാരാണ് എത്തിയത്. ആർഡിഒ തന്നെ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പിന്നെ ഇൻക്വസ്റ്റ് നടത്തിയത്. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നിർമ്മൽ പറഞ്ഞു. സുരേഷിന്റെ കുടുംബത്തിന് മരണവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്ന വിധത്തിൽ ഇന്നലെ വന്ന പ്രതികരണം ശരിയല്ലെന്ന് നിർമ്മൽ പറഞ്ഞു. സുരേഷിന്റെ സഹോദരിയുടെ ഭർത്താവാണ് അങ്ങനെയൊരു പ്രതികരണം നടത്തിയത്. അവർ തമ്മീൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.