
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുത്.
മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ? അറസ്റ്റിലായ അഖില്‍ സജീവും ബാസിതും നിങ്ങളുടെ പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളല്ലേ?
സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്നില്ലേ അഖില്‍ സജീവ്? സിഐടിയു ഓഫീസ് കേന്ദ്രീകരിച്ചും ഇയാള്‍ തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഫണ്ട് തട്ടിയെടുത്തെന്ന് നിങ്ങളുടെ നേതാക്കള്‍ തന്നെ പരാതിപ്പെട്ടിട്ടില്ലേ? എന്നിട്ടും നിങ്ങളുടെ പൊലീസ് എപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്? സിഐടിയു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയില്‍ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പൊലീസുമാണ്.
അഖില്‍ സജീവിനൊപ്പമുള്ള മറ്റൊരു പ്രതി എഐഎസ്എഫിന്റെ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണെന്നതും മുഖ്യമന്ത്രി മറന്നു പോയോ? മഞ്ചേരി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച തലാപ്പില്‍ സജീറിന്റെ വീട്ടില്‍ വച്ചല്ലേ ബാസിതിനെ പൊലീസ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും. എന്നിട്ടും അങ്ങയുടെ മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയ പ്രതിക്ക് അഭയം നല്‍കിയ തലാപ്പില്‍ സജീറിനെതിരെ പൊലീസ് കേസെടുത്തോ?
'ഞാന്‍ നിങ്ങളുടെ പി എസിനെ കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ പോകുകയാണ്.' ഈ സന്ദേശം ബാസിത് അയച്ചത് മന്ത്രിയുടെ പി എ അഖില്‍ മാത്യുവിന്റെ മൊബൈല്‍ നമ്പറിലേക്കാണ്. അത് ബാസിത് പുറത്ത് വിട്ടിട്ടുമുണ്ട്. കൈക്കൂലി ആരോപണത്തില്‍ നിരപരാധിയാണെങ്കില്‍ അന്ന് തന്നെ മന്ത്രിയുടെ പി എ ഇതിനെതിരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്? അതെല്ലാം മൂടി വച്ച് അന്വേഷണം വഴിതിരിച്ച് വിട്ടെന്നു വേണം കരുതാന്‍. ഇപ്പോള്‍ അറസ്റ്റിലായ ബാസിത് ആണ് തട്ടിപ്പിന് പിന്നിലെങ്കില്‍ അയാള്‍ തന്നെ പി.എയ്ക്ക് എതിരെ മന്ത്രി ഓഫീസില്‍ പരാതി നല്‍കാന്‍ തയാറുമോയെന്ന സംശയം അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമുണ്ടാകാം. പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളുടെ പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ ഇപ്പോഴും സംശയകരമാണ്. പല കണ്ണികളും തമ്മില്‍ ചേരുന്നില്ല. ഒരു കള്ളം പറഞ്ഞാല്‍ അതിനെ മറയ്ക്കാന്‍ പല കള്ളങ്ങള്‍ വേണ്ടി വരുമെന്നാണല്ലോ.
മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന പേരില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്ത അഖില്‍ സജീവും ബാസിതും നിങ്ങളുടെ കൂട്ടര്‍ തന്നെയാണ്. നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയെടുത്തവര്‍. കിഫ്ബിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ നിങ്ങളുടെ സഖാവിന്റെ ഒക്കച്ചങ്ങായിമാരായി യുവമോര്‍ച്ചാക്കാരുമുണ്ടല്ലോ. അതേക്കുറിച്ചും അങ്ങ് ഒന്നും പറഞ്ഞു കേട്ടില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്കല്ല മുഖ്യമന്ത്രീ നിങ്ങള്‍ക്ക് തന്നെയാണ് തുള്ളലെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam