
തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള പിജി ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഉന്നതതല ഔദ്യോഗിക ചർച്ച നടത്താമെന്ന് സർക്കാർ ഇന്നലെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്. ഇതിനിടെ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ച് സർക്കാർ വാക്കുപാലിച്ചെന്ന് പത്രക്കുറിപ്പിറക്കിയ ആരോഗ്യമന്ത്രി, സമരം പിൻവലിക്കണമെന്ന ആവശ്യം ആവർത്തിച്ചു. അതേസമയം സമരത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും, രഹസ്യധാരണയ്ക്ക് വഴങ്ങാനുള്ള സമ്മർദവും സജീവമാണ്.