
കണ്ണൂര്‍: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം. ഡോക്ടർ കുറിച്ചുനൽകിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് നൽകിയത്. കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞ്.മെഡിക്കൽ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തു.
പഴയങ്ങാടി സ്വദേശികളുടെ എട്ട് മാസം പ്രായമുളള ആൺകുഞ്ഞിന് പനി ബാധിച്ചാണ് നാട്ടിലെ ക്ലിനിക്കിൽ ചികിത്സ തേടുന്നത്. ഈ മാസം എട്ടിന്.
ഡോക്ടർ കുറിച്ചുനൽകിയത് കാൽപോൾ എന്ന സിറപ്പ്.എന്നാൽ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത് അധിക ഡോസുളള കാൽപോൾ ഡ്രോപ്സ് എന്ന മരുന്ന്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനം കുഴപ്പത്തിലായിരുന്നു. കരൾ മാറ്റിവെക്കേണ്ടി വരുമെന്ന് വരെ ഡോക്ടർമാർ നിർദേശിച്ചു.പ്രതീക്ഷ നൽകി ഇന്നലെയോടെ നില മെച്ചപ്പെട്ടു.
മരുന്ന് മാറിനൽകിയെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാർ സമ്മതിച്ചെന്ന് കുഞ്ഞിന്‍റെ അച്ഛൻ പറയുന്നു.ബന്ധുക്കളുടെ പരാതിയിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ചെറിയ അളവിൽ ഡോസ് കൂടുന്നതുപോലും കുഞ്ഞുങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാൽ കരുതൽ വേണമെന്ന് ഡോക്ടർമാർ പറയുന്നു
.