വർഷത്തിൽ ആകെ നൽകേണ്ടത് 687 രൂപ, 5 ലക്ഷത്തിന്റെ കവറേജ്, കൂടുതല്‍ ആശുപത്രികളുടെ സേവനം; മെഡിസെപ് രണ്ടാം ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ

Published : Jan 31, 2026, 10:03 PM IST
medisep

Synopsis

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ ആരംഭിക്കും. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷം രൂപയായി ഉയർത്തുകയും 2,516 ചികിത്സാ പാക്കേജുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം നാളെ (ഫെബ്രുവരി 1) മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ.ഡി കാർഡ് www.medisep.kerala.gov.in ൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. പെൻഷൻകാർക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസർ ഐ.ഡി യായും പി.പി.ഒ നമ്പർ പാസ്‌വേർഡായും നൽകി ലോഗിൻ ചെയ്യാം. മെഡിസെപ്പ് കാർഡിൽ പേരില്ലെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല.

മെഡിസെപ്പ് ഐ.ഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെങ്കിൽ ട്രഷറി വഴി നേരിട്ട് പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ അതാത് ട്രഷറി മുഖേന തിരുത്താം. ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം. സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി കാർഡിൽ പ്രതിഫലിക്കില്ലെന്നും അറിയിപ്പുണ്ട്. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ ഉൾപ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.

മെഡിസെപ്- മാറ്റങ്ങൾ

വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്‍കിയാല്‍ മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.

ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവുമെന്ന് മന്ത്രി അറിയിച്ചു. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.

മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി, ജിപ്മര്‍ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീ-ഇംപേഴ്സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

10 അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവര്‍ഷത്തേയ്ക്ക് 40 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്.

റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീ-ഇംപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കും. 365 ദിവസവും ദിവസം മുഴുവന്‍ കാള്‍ സെന്റര്‍ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സഹോദരനെ വീട്ടില്‍ കയറി ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാക്കളെ കാറിടിച്ച് തെറിപ്പിച്ചു, പ്രതികൾക്കായി തെരച്ചിൽ
പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ ഏഴുപതോളം തെരുവുനായ്ക്കൾ, നാട്ടുകാർ ദുരിതത്തിൽ, പിന്നാലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ നടപടി