സഭാതര്‍ക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്തമാസം വീണ്ടും യോഗം

By Web TeamFirst Published Sep 22, 2020, 5:21 PM IST
Highlights

ഓർത്തഡോക്സ് യാക്കോബായ സഭകൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടത്. വിശ്വാസികൾക്കിടയിലെ ഹിതപരിശോധനയിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓർത്തഡോക്സ് സഭ തളളുകയായിരുന്നു.

തിരുവനന്തപുരം: യാക്കോബായ- ഓർത്ത‍ഡോക്സ് പളളിത്തർക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും യോഗം ചേരുന്നത്. അടുത്തമാസം അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇരു സഭകളേയും ഒന്നിച്ചിരുത്തിയുള്ള സമവായത്തിനാണ് ശ്രമം. 

ഓർത്തഡോക്സ് യാക്കോബായ സഭകൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടത്. വിശ്വാസികൾക്കിടയിലെ ഹിതപരിശോധനയിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓർത്തഡോക്സ് സഭ തളളുകയായിരുന്നു. ഇരുസഭകളോടും പ്രത്യേകം പ്രത്യേകമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസാരിച്ചത്. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് ആദ്യം ചർച്ചയ്ക്കെത്തിയ യാക്കോബായ സഭ ഉയർത്തി. 

പളളികളുടെ ഉടമസ്ഥാവകാശം ഹിതപരിശോധനയിലൂടെ തീരുമാനിക്കണം എന്ന് ആവശ്യപ്പെട്ട യാക്കോബായ സഭ സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന നിർദ്ദേശവും മുന്നോട്ടുവച്ചു. എന്നാൽ സുപ്രീംകോടതി ഉത്തരവിൽ നിന്ന് പിന്നോട്ടു പോയുള്ള ഒരു പരിഹാര നിർദ്ദേശവും സാധ്യമല്ലെന്ന്  മുഖ്യമന്ത്രിയെ കണ്ട ഓർത്തഡോക്സ് സഭ പ്രതിനിധികൾ അറിയിച്ചു. കോടതി വിധി മറികടക്കാൻ നിയമ നിർമാണം നടത്തിയാലും നിലനിൽപ്പുണ്ടാവില്ലെന്നും സഭ നേതൃത്വം നിലപാടെടുത്തു.


 

click me!