
കാസർകോട്: ദേശീയപാതയിൽ വീണ്ടും വിള്ളൽ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയിലാണ് വിള്ളൽ രൂപപ്പെട്ടത്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ദേശീയപാത നിർമ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളൽ വീണത്.
വിള്ളലിന്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളൽ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 5 മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വിള്ളൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ദേശീയ പാത നിർമ്മാണത്തിന് നിർമാണ കരാറെടുത്തത്. ഈ കമ്പനിയുടെ റോഡ് നിർമ്മാണത്തിനെതിരെ വലിയ രീതിയിൽ പരാതികൾ ഉയരുകയാണ്.
കഴിഞ്ഞ ദിവസം കാസർകോട് ചട്ടഞ്ചാൽലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ചെങ്കള-നീലേശ്വരം റീച്ചിലാണ് വിള്ളൽ രൂപപ്പെട്ടത്. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിന് വഴി വച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. വിള്ളൽ നാട്ടുകാർ കണ്ടതിന് പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നിക്കത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാന്‍റ് ഉപയോഗിച്ച് അടയ്ക്കാനായിരുന്നു നിർമാണ കമ്പനിയുടെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam