
കൊച്ചി: കുസാറ്റ് മാതൃകയിൽ മറ്റു സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് കെഎസ്‍യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കത്ത് നൽകി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റിയന്‍ ആണ് മന്ത്രിക്ക് കത്ത് നൽകിയത്. സെമെസ്റ്ററിൽ പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി പെൺകുട്ടികൾക്ക് അനുവദിച്ച് കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.
സർവകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്നാണ് നിർണായക തീരുമാനം. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്.
അതേസമയം, കുസാറ്റിലെ ആർത്തവ അവധി തങ്ങളുടെ നേട്ടമാണെന്ന് അവകാശവാദമുന്നയിക്കുകയാണ് കെ എസ് യു നേതാക്കളും. കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ട് വെച്ച കെ എസ് യു മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധി കൂടിയായ കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയതോടെ ചർച്ചയും ചൂടുപിടിച്ചിട്ടുണ്ട്. മാനിഫെസ്റ്റോയിൽ പറഞ്ഞ ആർത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെ എസ് യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam