മേപ്പാടി ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു

By Web TeamFirst Published Aug 8, 2019, 11:38 PM IST
Highlights

മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സമയത്ത് തുടർച്ചയായി മണ്ണ് ഇടിയുന്ന അവസ്ഥയാണ് ഉണ്ടായത്. നിലവിൽ പത്ത് പേരെ രക്ഷിച്ച് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

വയനാട്: കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. നാളെ രാവിലെ ആറ് മണിമുതൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചലുമാണ് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുന്നതിനുള്ള കാരണം.

മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സമയത്ത് തുടർച്ചയായി മണ്ണ് ഇടിയുന്ന അവസ്ഥയാണ് ഉണ്ടായത്. നിലവിൽ പത്ത് പേരെ രക്ഷിച്ച് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മേപ്പാടിയിൽ മഴ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുത്തുമലയ്ക്ക് താഴെയുള്ള എഴുപതോളം വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി നാട്ടുകാർ പറയുന്നുണ്ട്.  എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രി പത്ത് മണിയോടുകൂടി  പുത്തുമല, പച്ചക്കാട് എന്നീ പ്രദേശങ്ങളിൽ ചെറിയതോതിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. പിന്നീട് രാവിലെയോടെ ഉരുൾപൊട്ടൽ രൂക്ഷമാകുകയായിരുന്നു. പുത്തുമലയിലെ രണ്ട് പാഡികള്‍ (തൊഴിലാളികള്‍ താമസിക്കുന്ന ലയം), ഒരു അമ്പലം, പള്ളി, ഒരു ക്യാന്‍റീന്‍ എന്നിവ ഉൾപൊട്ടലിൽ പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതിരുന്ന ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്കുകളും തകരാറിലായിരുന്നു. ഇതോടെ സംഭവം പുറത്തറിയാന്‍ വൈകി. അപകടത്തിന്റെ ദൃശ്യങ്ങൾ ഒരു പഞ്ചായത്ത് മെമ്പർ പുറത്ത് വിട്ടതോടെയാണ് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകം അറിയുന്നത്. സംഭവങ്ങളുടെ ദൃക്സാക്ഷിയായെ ഇയാളെ പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.  

click me!