
തൃശൂര്‍: ആര്‍ പി എഫ് നടപ്പാക്കിയ മേരി സഹേലി (എന്‍റെ കൂട്ടുകാരി) യുടെ സേവനം പ്രതിദിനം ശരാശരി 200 സ്ത്രീ യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നതായി റെയില്‍വേ. ട്രെയിനുകളില്‍ തനിച്ച് യാത്ര ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷവും പിന്തുണയും നല്‍കുന്നതിനായാണ് 'മേരി സഹേലി' തുടങ്ങിയത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാര്‍ക്ക് വ്യക്തിഗത സഹായം നല്‍കാനും അവരുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി 2020ല്‍ നടപ്പാക്കിയ പദ്ധതി നിലവില്‍ 23 ട്രെയിനുകളിലാണ് ലഭിക്കുന്നത്.
പാലക്കാട് ഡിവിഷനില്‍ പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, കണ്ണൂര്‍, മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് മേരി സഹേലി അവതരിപ്പിച്ചത്. ഇതിനായി 59 വനിതാ ജീവനക്കാരെ നിയോഗിച്ചു. യാത്രക്കാരുടെ പേര്, മൊബൈല്‍ നമ്പര്‍, യാത്രാ വിവരങ്ങള്‍ തുടങ്ങിയവയാണ് ശേഖരിക്കുക. യാത്രയ്ക്കിടയില്‍ വ്യക്തിപരമായി സഹായം നല്‍കാനും പരാതികള്‍ പരിഹരിക്കാനും ജീവനക്കാര്‍ ശ്രദ്ധിക്കുന്നു.
അനിഷ്ട സംഭവങ്ങളും സാധനങ്ങള്‍ നഷ്ടപ്പെടുന്നതും തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെക്കുറിച്ചുള്ള ബോധവത്കരണം, പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനോ സഹായം തേടാനോ 139 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും യാത്രക്കാര്‍ക്ക് നല്‍കും. യാത്രയ്ക്കിടയിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇത് സ്ത്രീ യാത്രക്കാരെ സഹായിക്കുന്നുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി. പരിപാടിയുടെ വിജയം വനിതാ യാത്രക്കാരുടെ റെയില്‍യാത്രാ അനുഭവത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam