
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിനായി എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി. ഒൻപത് പ്രധാന കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണ പരിധിയിൽ വരുന്നത്. പദ്ധതിയുടെ തുടക്കം മുതലുള്ള എല്ലാവിധ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് സംഘം നടത്തുക.
ആദ്യഘട്ടത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും സാഹചര്യങ്ങളും, GoatAd ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ നൽകിയിട്ടുണ്ടോ എന്നും, വഴിവിട്ട സഹായങ്ങളിലൂടെ സർക്കാരിനോ പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും.
പദ്ധതിയുടെ ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ, സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കാൻ ഇടയായ പശ്ചാത്തലവും പരിശോധിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ സന്ദർശനം, ആശയവിനിമയങ്ങൾ, ചർച്ചകൾ, നൽകിയ ഉറപ്പുകൾ എന്നിവയ്ക്ക് പുറമേ അർജന്റീന ഫുട്ബോൾ അസോസിയേഷൻ, ഫുട്ബോൾ ഓസ്ട്രേലിയ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സ്വകാര്യ കമ്പനിക്ക് സർക്കാർ സഹായത്തോടെ എങ്ങനെ കരാർ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതും അന്വേഷിക്കും. ഇത്തരം സ്വകാര്യ കരാർ ഇടപാടുകളുമായി സർക്കാരിന്റെ പേരും അധികാരവും സംവിധാനങ്ങളും ബന്ധപ്പെടുത്താനിടയായ സാഹചര്യവും എസ്.ഐ.ടി പരിശോധിക്കും.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൈമാറിയതും ഉപയോഗിച്ചതും, അതുമായി ബന്ധപ്പെട്ട് നടത്തിയ നിർമ്മാണ പ്രവൃത്തികളും ചെലവുകളും അന്വേഷണത്തിന്റെ ഭാഗമായിരിക്കും. വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ട പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും നിർണ്ണയിക്കുന്നതിനൊപ്പം, വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരമോ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam