
കോട്ടയം: കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ എംജി സർവകലാശാല അസിസ്റ്റൻ്റ് സി.ജെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. എൽസിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാർശ ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. സിൻഡിക്കേറ്റ് യോഗം ശുപാർശ അംഗീകരിച്ചതിന് പിന്നാലെ എൽസിയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഈ വർഷം ജനുവരിയിലാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടതു സംഘടനാ നേതാവ് കൂടിയായ എൽസി വിജിലൻസ് പിടിയിലായത്
എംജി സർവകലാശാലയിലെ കൈക്കൂലി കേസിൽ പിടിയിലായ എംബിഎ വിഭാഗം അസിസ്റ്റന്‍റ് സി.ജെ.എൽസി മറ്റു പല കുട്ടികളിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കം. നേരത്തെ സിൻഡിക്കേറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയിലും എൽസി പണം വാങ്ങിയെന്ന സൂചന കിട്ടിയിരുന്നു.
എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്. നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ നോട്ടമിട്ടായിരുന്നു എൽസിയുടെ നീക്കങ്ങൾ. സാന്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്സി ചാൻസിൽ ജയിപ്പിച്ചു തരാമെന്നായിരുന്നു എൽസിയുടെ വാഗ്ദാനം.
എൽസിയുടേയും പണം നൽകിയ വിദ്യാർത്ഥികളുടേയും ഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ഈ വിദ്യാർത്ഥികളിൽ രണ്ട് പേരുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കംപ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. എന്നാൽ മാർക്ക് ലിസ്റ്റ് തിരുത്താൻ ആർക്കും പണം നൽകിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. എൽസിയുടെ രോഗ വിവരം അറിഞ്ഞപ്പോൾ സാന്പത്തിക സഹായം നൽകിയതാണെന്നും ചില വിദ്യാർത്ഥികൾ പറയുന്നു. എംബിഎ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എൽസിയെ സർവകലാശാലയിൽ നിന്ന് വിജിലൻസ് പിടികൂടിയത്.