കേസ് അട്ടിമറിക്കാൻ ഗവർണറുടെ നിർദേശത്തിന് പോലും പുല്ലുവില, വെല്ലുവിളിച്ച് എം ജി സർവകലാശാല

By Web TeamFirst Published Dec 7, 2019, 10:31 AM IST
Highlights

മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടി നിയമപരമല്ല എന്ന് മൂന്ന് പരാതികളാണ് ഗവര്‍ണർക്ക് ലഭിച്ചത്. ഇതോടെ സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും പാലിച്ചേ പ്രത്യേക മോഡറേഷൻ റദ്ദാക്കാവൂ എന്ന് ഗവര്‍ണർ നിർദേശിച്ചിരുന്നതാണ്. 

കോട്ടയം: വിവാദമായ മാര്‍ക്ക് ദാനം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കില്ലെന്ന് എംജി സര്‍വകലാശാല. ചട്ടങ്ങളും നിയമങ്ങളും പാലിച്ചേ പ്രത്യേക മോഡറേഷൻ റദ്ദാക്കാവൂവെന്ന് ഗവർണർ ആവര്‍ത്തിച്ചിട്ടും സര്‍വകലാശാല നിലപാട് തിരുത്താൻ തയ്യാറല്ല. 

ഗവർണറേയും വെല്ലുവിളിക്കുകയാണ് ഈ നടപടിയിലൂടെ എംജി സര്‍വകലാശാല. മാര്‍ക്ക്ദാനം റദ്ദാക്കിയ നടപടി നിയമപരമല്ല എന്നുള്ള മൂന്ന് പരാതികളാണ് ഗവർണർക്ക് ലഭിച്ചത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നിയമങ്ങളും ചട്ടങ്ങളും പാലിച്ചേ പ്രത്യേക മോഡറേഷൻ റദ്ദാക്കാവൂ എന്ന് ഗവണർ സര്‍വകലാശാലയോട് ഇക്കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. പക്ഷേ പ്രത്യേക മോഡറേഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിക്കില്ല എന്നാണ് സര്‍വകലാശാലയുടെ നിലപാട്. 

അക്കാദമിക് കൗണ്‍സില്‍ വിളിക്കാതെ ചാൻസലറുടെ അംഗീകാരം വാങ്ങാതെ അതായത് സര്‍വകലാശാല ചട്ടം (35) പാലിക്കാതെ ഇക്കാര്യത്തില്‍ മുന്നോട്ട്പോകാനാണ് നീക്കം. അതായത് കോടതിയില്‍ പ്രത്യേക മോഡറേഷൻ നേടിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബിരുദം റദ്ദാക്കിയ നടപടി ചോദ്യം ചെയ്താല്‍ സര്‍വകലാശാലയുടെ വാദങ്ങള്‍ ദുര്‍ബലമാകുമെന്നര്‍ത്ഥം.

നടപടി ക്രമങ്ങള്‍ പാലിക്കാതെ ബിരുദം റദ്ദ് ചെയ്യുമെന്ന് പ്രത്യേക പറഞ്ഞ് ഉത്തരവ് ഇറക്കിയതിനെതിരെ ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തി. 

ഇതിനെല്ലാമിടയിലും വിവാദമായ ഉത്തരവ് അനുസരിച്ചുള്ള നടപടികള്‍ സര്‍വകലാശാല തുടങ്ങി. ബിരുദം റദ്ദാക്കാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണറുടെ നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിരുദം റദ്ദാക്കണമെന്ന് കാണിക്കുന്ന മെമ്മോ കിട്ടിയാല്‍ ഉടൻ കോടതിയെ സമീപിക്കാനാണ് പ്രത്യേക മോഡറേഷൻ നേടിയ വിദ്യാര്‍ത്ഥികളുടെ നീക്കം.

click me!