
മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം പിടികൂടി. ബംഗാൾ സ്വദേശിയായ തന്മയ് മണ്ഡൽ (25) ആണ് എക്സൈസിന്റെ പിടിയിലായത്. പുളിങ്കാവ് - മലറോഡിലെ ഇയാളുടെ താമസസ്ഥലത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവിന് പുറമെ, ഇത് തൂക്കാനായി ഉപയോഗിച്ചിരുന്ന ത്രാസ്, കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച 18,645 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവയും സംഭവസ്ഥലത്തുനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു.
ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എക്സൈസ് സി.ഐ വി. അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam