'രണ്ടാഴ്ചയായി ഭക്ഷണം കഴിച്ചിട്ട്. ബിസ്കറ്റ് പോലും കിട്ടുന്നില്ല', വ്യാജ പ്രചാരണവുമായി അതിഥി തൊഴിലാളി; കേസ്

By Web TeamFirst Published Apr 4, 2020, 7:03 PM IST
Highlights

എത്രയും വേഗം ഭക്ഷണമെത്തിക്കാൻ കളക്ടർ നിർദ്ദേശം നല്‍കി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മിനാറുല്‍ ഷെയ്ഖിന്‍റെ ക്യാമ്പ് കണ്ടെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. 

പിറവം: രണ്ടാഴ്ചയായി പട്ടിണിയിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ പിറവത്തെ അതിഥി തൊഴിലാളിക്കെതിരെ കേസെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേസെടുത്ത പിറവം പൊലീസ്, പ്രതിയെ ജാമ്യത്തില്‍ വിട്ടു.  ‘രണ്ടാഴ്ചയായി ഭക്ഷണം കഴിച്ചിട്ട്. ബിസ്കറ്റ് പോലും കിട്ടുന്നില്ല. കടുത്ത പ്രതിസന്ധിയിലാണ്. സഹായമെത്തിക്കണം.’ ഇതായിരുന്നു ബംഗാള്‍ സ്വദേശി മിനാറുള്‍ ഷെയ്ഖ് പിറവത്തെ ക്യാമ്പിലിരുന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റ്. താഴെ സ്വന്തം മൊബൈല്‍ നമ്പറും ചേർത്തിരുന്നു. 

അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നെട്ടോട്ടമോടുന്നതിനിടയിലാണ് വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എത്രയും വേഗം ഭക്ഷണമെത്തിക്കാൻ കളക്ടർ നിർദ്ദേശം നല്‍കി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മിനാറുല്‍ ഷെയ്ഖിന്‍റെ ക്യാമ്പ് കണ്ടെത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ബീഫ് കറിക്കൊപ്പം ഒരു പാത്രം ചോറും മുറിയിലുണ്ടായിരുന്നു. ഏതാനും ദിവസത്തേക്ക് ഒരു കുടുംബത്തിന് വേണ്ട പച്ചക്കറികളും മസാലക്കൂട്ടും പ്രത്യേകം കരുതിവെച്ചിട്ടുമുണ്ടായിരുന്നു. ഇതിനെല്ലാംപുറമേ നഗരസഭ നല്‍കുന്ന സൗജന്യഭക്ഷണവും ഇയാള്‍ കൈപ്പറ്റിയിരുന്നു.

ഇതോടെ പിറവം പൊലീസ് ഇയാളെ കൈയോടെ പിടികൂടി കേസെടുത്തു. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കേരള പൊലീസ് ആക്ട് 118 ബി, 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയത്. സൗജന്യമായി കിട്ടുന്ന സഹായങ്ങള്‍ തട്ടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് മിനാറുള്‍ ഷെയ്ഖ് കള്ളം പ്രചരിപ്പിച്ചത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

click me!