'ശനിയാഴ്ച കൂലി കിട്ടും, തിങ്കളാഴ്ച നാട്ടിലേക്കയക്കും'; അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് ഭീമമായ തുക കടത്തുന്നുവെന്ന് സതീശൻ, മറുപടിയുമായി തോമസ് ഐസക്

Published : Mar 17, 2026, 01:14 PM IST
VD Satheesan

Synopsis

കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ ഭീമമായ തുക അവരുടെ നാട്ടിലേക്ക് അയക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ ഈ വാദം ബാലിശമാണെന്നും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കണമെന്നും മുൻ ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി.

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻഡിടിവി സംഘടിപ്പിച്ച കോൺക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തിൽ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ 30 ലക്ഷ്യം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എല്ലാ ശനിയാഴ്ചയും കൂലി വാങ്ങി, തിങ്കളാഴ്ച അവരുടെ നാട്ടിലേക്കയക്കുന്നു. ഈ രീതിയിൽ വലിയ തുകയാണ് കേരളത്തിൽ നിന്ന് കടത്തുന്നത്. എത്രയാണെന്ന് നമ്മൾ കണക്കാക്കിയിട്ടില്ല. പത്ത് വർഷം മുമ്പ്, തിരുവനന്തപുരത്ത് 100 കോടി രൂപ ചെലവാക്കി ഒരുകെട്ടിടം നിർമിക്കുകയാണെങ്കിൽ 40-50 കോടി രൂപ സമീപ പ്രദേശത്തെ തൊഴിലാളികളുടെ വീട്ടിലേക്ക് പോകും. എന്നാൽ ഇപ്പോൾ തൊഴിലാളികൾ ഇതര സംസ്ഥാനത്തുനിന്നായത് കൊണ്ട് പണം മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു. വലിയ തുക നമ്മുടെ നാട്ടിൽ നിന്ന് കടത്തുന്നു. അതിനെയാണ് റിവേഴ്സ് റെമിറ്റൻസ് എന്നുള്ളത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. എന്നാൽ വിദേശത്ത് നിന്ന് വരുന്ന റെമിറ്റൻസുമായി തുലനം ചെയ്യുന്നില്ല. പക്ഷേ ഇക്കാര്യംകൂടി പഠിക്കണമെന്നുമായിരുന്നു സതീശന്റെ പ്രസ്താവന.

പിന്നാലെ, സതീശന്റെ വാദങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻധനമന്ത്രിയുമായ ഡോ. തോമസ് ഐസക് രം​ഗത്തെത്തി. കേരള സർക്കാരിന്റെ നയം അതിഥി തൊഴിലാളികൾക്ക് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതിനെ വിമർശിക്കാനാണ് അവർ ഇവിടെ നിന്ന് പണം അടിച്ചുമാറ്റുകയാണെന്ന ആക്ഷേപം സതീശൻ ഉന്നയിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കേരള സമ്പദ്ഘടനയെക്കുറിച്ചുള്ള ധാരണ ബാലിശമാണ്. കേരളത്തിലുള്ള അതിഥി തൊഴിലാളികളെല്ലാം തിരിച്ചു പോയെന്നിരിക്കട്ടെ. അത് നമ്മുടെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചാൽ കാര്യങ്ങൾ ഏതാണ്ട് പിടികിട്ടുമെന്നും തോമസ് ഐസക് പറഞ്ഞു. പണം അടിച്ചുമാറ്റുന്നു എന്നൊക്കെ ആക്ഷേപിക്കുന്നത് ശരിയല്ല. ഇതുപോലെ അറബ് രാജ്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഗതി എന്താകുമെന്നും കുടിയേറ്റം എന്നു പറയുന്നത് കുറയാനല്ല വർദ്ധിക്കാനാണ് പോകുന്നത്. കുടിയേറ്റ തൊഴിലാളികളും മനുഷ്യരാണ്. കേരളത്തിലുള്ള കുടിയേറ്റക്കാർ ഇന്ത്യക്കാരുമാണ്. ഇന്ത്യൻ പൗരർ എന്ന നിലയിൽ നമ്മുടെ നാട്ടിലെ തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും അവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
ജി സുധാകരനെതിരെ സംഘടിപ്പിച്ച ബഹുജന റാലി; 500 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു