
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയന് കീഴിൽ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. സമരത്തിൽ നിന്ന് എല്ലാ യൂണിയനുകളും പിന്മാറി. ഇതോടെ പ്ലാന്റുകൾ സാധാരണ നിലയിൽ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പായി. നാളെ ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തിൽ തീരുമാനമെടുക്കും. സമരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഇന്നത്തെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാൻ തൊഴിലാളികളോട് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി-സിഐടിയു യൂണിയനുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് സമരം നടന്നത്. സിഐടിയുവും ഐഎൻടിയുസിയുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ക്ഷീര സംഘങ്ങളിലുള്ള പാലുകൾ പ്ലാന്റ്റുകളിൽ സ്വീകരിക്കുന്നുണ്ടെങ്കിലും വിതരണം രാവിലെ മുതൽ സ്തംഭിച്ചിരുന്നു.
താഴെത്തട്ടിലെ ജീവനക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് മാത്രം പ്രമോഷൻ നൽകാനുള്ള നീക്കത്തിനു പിന്നിൽ ചെയർമാൻ മണി വിശ്വനാഥാണെന്ന് സിഐടിയുവും കുറ്റപ്പെടുത്തി. അതേ സമയം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് നിശ്ചയിച്ച യോഗ്യത പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് മിന്നൽ പണിമുടക്ക് എന്ന് ക്ഷീരവികസനവകുപ്പ് വിശദീകരിക്കുന്നു. യോഗ്യതയിൽ ഇളവ് വരുത്താനാകില്ലെന്നും മിന്നൽ പണിമുടക്ക് ചട്ടവിരുദ്ധമാണെന്നും വകുപ്പ് പറയുന്നു. ഇന്ന് വിവിധ കേന്ദ്രങ്ങളിൽ പാൽശേഖരണം മുടങ്ങിയതിനാൽ നാളെയും വിതരണം തടസ്സപ്പെടാൻ സാധ്യതയേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam