Latest Videos

ഇല്ല, ആ വീഡിയോ പോലും കാണാൻ ആഗ്രഹമില്ല; മനസു നുറുങ്ങുന്ന പ്രതികരണവുമായി മരട് ഫ്ലാറ്റുടമകൾ

By Web TeamFirst Published Jan 5, 2020, 10:48 AM IST
Highlights

മറ്റുള്ളവര്‍ക്ക് മരട് ഫ്ലാറ്റ് പൊളിക്കൽ ഒരു കാഴ്ചമാത്രമാകുമ്പോൾ കെട്ടിടനിർമ്മാതാക്കളെ കണ്ണടച്ചുവിശ്വസിച്ച ഉടമകൾക്ക് അത് തീരാവേദനയാണ്. 

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ നിലംപൊത്താൻ വെറും ആറ് ദിവസം മാത്രം ശേഷിക്കെ കിടപ്പാടം നഷ്ടപ്പെട്ടതിന്‍റെ രോഷം കെട്ടടങ്ങാതെ ഫ്ലാറ്റുടമകൾ. കെട്ടിട നിര്‍മ്മാതാക്കളെ കണ്ണടച്ച് വിശ്വസിച്ചതാണ് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് ആവര്‍ത്തിക്കുകയാണ് അവരെല്ലാം. ജീവിതകാലത്തെ സമ്പാദ്യം സ്വരുക്കൂട്ടി കിടപ്പാടം സ്വന്തമാക്കിയവര്‍ക്കാകട്ടെ തകര്‍ന്ന് വീഴുന്നത് ജീവിതത്തിന്‍റെ പ്രതീക്ഷകൾ കൂടിയാണ്. 

"എത്ര വിട്ടുപോകാൻ പറ്റുമോ അത്രയും വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വീഡിയോ പോലും കാണാൻ ആഗ്രഹിക്കുന്നില്ല. അത് മറക്കാൻ ശ്രമിക്കുകയാണ് "

മരടിലെ H20 ഫ്ലാറ്റുടമകളിൽ ഒരാളായ സലീനയുടെ പ്രതികരണം ഇങ്ങനെയാണ്. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും കിടപ്പാടത്തിനായി നിക്ഷേപിച്ചവരായിരുന്നു സലീനയെപ്പോലെ പലരും. താമസിക്കാൻ തുടങ്ങി പത്തുവർഷത്തോളം കഴിഞ്ഞാണ് ഇവരിൽ പലരും നിയമലംഘനത്തെ കുറിച്ച് അറിയുന്നത്. 2019 മെയ് 8 ന് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധി എത്തിയതോടെ അവസാന പ്രതീക്ഷ പോലും തകിടം മറി‍ഞ്ഞു. 

പിന്തുണയുമായി പലരെത്തി. രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരെല്ലാം വന്നു പോയി. നിയമ പോരാട്ടങ്ങൾ നടന്നു. പക്ഷെ ഒക്ടോബര്‍ പകുതിയോടെ കുടിയൊഴിപ്പിക്കൽ എന്ന അനിവാര്യതക്ക് മുന്നിൽ അവരെല്ലാം പകച്ച് നിന്നു. കണ്ടതെല്ലാം കെട്ടിപ്പെറുക്കി, പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച് കിടപ്പാടം വിട്ടിറങ്ങിയ പലര്‍ക്കും എവിടെ പോകണമെന്ന് പോലും തിട്ടമുണ്ടായിരുന്നില്ല.

"90 ശതമാനം പേർക്കും വേറെ വീടില്ല. ഫ്ലാറ്റുടമകളുടെ വീടിനുംസ്വത്തിനും സർക്കാർ ഒരു വിലയും കൽപ്പിച്ചില്ല. നട്ടെല്ലില്ലാത്ത സർക്കാരാണ് ഇവിടെ "- ഫ്ലാറ്റുകമകളിൽ ഒരാളായ ആന്‍റണി പറഞ്ഞത് . "

ജനുവരി 11, 12 തീയതികളിലായാണ് ഫ്ലാറ്റുകൾ പൊളിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. തകര്‍ന്നു വീഴുന്ന ഫ്ലാറ്റുകൾ മറ്റുള്ളവര്‍ക്ക് ഒരു കാഴ്ചമാത്രമാകുമ്പോൾ കിടപ്പാടം നഷ്ടപ്പെട്ട ് കുടിയിറക്കപ്പെട്ടവര്‍ക്ക് അത് കണ്ടു നിൽക്കാനാകാത്ത കാഴ്ചയാണ്. 

 

click me!