
തിരുവനന്തപുരം: കോട്ടയം കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ കെസിബിസിക്കെതിരെ നടത്തിയ പരാമർശത്തില്‍ അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. താമരശ്ശേരി ബിഷപ്പിനെ കാണാൻ എ കെ ശശീന്ദ്രന്‍ സമയം തേടി. എന്നാല്‍, ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ അസൗകര്യം അറിയിച്ചു. അതേസമയം, സഭ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ അടക്കം മന്ത്രിയുടെ പരാമര്‍ശത്തോടുള്ള എതിർപ്പ് നേരിട്ടറിയിച്ചിട്ടുണ്ട്.
കാട്ടുപോത്ത് കര്‍ഷകരോട് കാട്ടിയതിനു സമാനമായ ക്രൂരതയാണ് രാഷ്ട്രീയ മുതലെടുപ്പിനായി മൃതദേഹം വച്ച് നടത്തിയതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. കണമലയില്‍ കാട്ടുപോത്താക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്‍റെ സംസ്കാര ശുശ്രൂഷയ്ക്കിടെ കാഞ്ഞിരപ്പളളി ബിഷപ്പ് ജോസ് പുളിക്കല്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് വനം മന്ത്രിയെ പ്രകോപിപ്പിച്ചത്. ചില മതമേലധ്യക്ഷന്‍മാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി തുറന്നടിച്ചു. എന്നാല്‍, സാധാരണ ജനങ്ങളുടെ വികാരം പ്രകടിപ്പിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നായിരുന്നു കെസിബിസിയുടെ മറുപടി. മന്ത്രിയെ തള്ളി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളും രംഗത്തുവന്നു.
മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ കെസിബിസിയും കാഞ്ഞിരപ്പളളി രൂപതയും രംഗത്തെത്തി. കാട്ടുപോത്ത് വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയതെന്നും വൈകാരികമായി പ്രതികരിച്ചത് കുറ്റമല്ലെന്നും കാഞ്ഞിരപ്പളളി രൂപത വികാരി ജനറാളിന്‍റെ മറുപടി. ജനവികാരം പ്രകടിപ്പിക്കുമ്പോള്‍ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കരുതെന്ന് കെസിബിസി വക്താവും പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന സഭയെ പിണക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കെസിബിസി നിലപാടിനെയും കണമല പ്രതിഷേധത്തെയും ന്യായീകരിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജ് പോത്തിനെ വെടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് സര്‍ക്കാര്‍ വകുപ്പുകളുടെ വിരുദ്ധ നിലപാടുകളെയും വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam