മരംമുറി: 'വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചു', റവന്യൂ ഉത്തരവിനെ നിയമസഭയിൽ തള്ളി വനംമന്ത്രി

By Web TeamFirst Published Jul 23, 2021, 10:43 AM IST
Highlights

റവന്യൂ ഉത്തരവ് വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ റവന്യൂ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നും മന്ത്രി

തിരുവനന്തപുരം: വിവാദ മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവിനെ സഭയിൽ തള്ളിപ്പറഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ ഉത്തരവ്, വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ  ഈ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റവന്യൂ വകുപ്പിനെ പൂർണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്. 

"24- 10 -2020 തിന് റവന്യൂ വകുപ്പ്  ഉത്തരവ് വനംവകുപ്പ് സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിർദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അടക്കം ആർക്കും നൽകിയിട്ടില്ല. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഈട്ടി, തേക്ക് തുടങ്ങിയ സർക്കാർ മരങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും സ്വകാര്യ കൈവശ ഭൂമിയിൽ നിന്നും കടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഈ വിഷയത്തിൽ മുറിക്കപ്പെട്ട സർക്കാർ വക തടികൾ കസ്റ്റഡിയിൽ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു' 

ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യൽ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. 


  

 

click me!