
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകൾ കൂടുമെന്നുറപ്പായി. ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) പറഞ്ഞു.
ഓട്ടാ, ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആന്‍റണി രാജു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഗതാഗത മന്ത്രി മാധ്യമങ്ങളെ കണ്ടത്. ഓട്ടോ ടാക്സി ചാർജ് വർധന എന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി മൂന്ന് സിറ്റിംഗ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അവസാനം ഓട്ടോ ടാക്സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായതായും ഗതാഗത മന്ത്രി പറഞ്ഞു.
നിലവില്‍ 25 രൂപ മിനിമം ചാര്‍ജുള്ള ഓട്ടോ ചാര്‍ജ് 30 ആക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. ടാക്സി നിരക്ക് 210 ഉം 240 ഉം മിനിമം ചാര്‍ജ് ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചാര്‍ജ് വര്‍ദ്ധനയില്‍ അന്തിമ തീരുമാനമെടുക്കും. ബസ് ചാർജിലും വർധനയുണ്ടാകുമെന്നും ആന്‍റണി രാജു പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകുമോ എന്ന ചോദ്യത്തോട് ഈ മാസം മുപ്പതാം തീയതി എല്‍ഡിഎഫ് യോഗമുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ എല്ലാം പൂർത്തിയായി. ഇനി സർക്കാർ തലത്തിൽ തീരുമാനമെടുത്താൽ മതി എന്ന് ചുരുക്കം.
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
ബസ് ചാർജ് വർദ്ധന വൈകുന്നതിൽ സ്വകാര്യ ബസുടമകൾ മാർച്ച് 24 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഇനി സർക്കാരിനെ വിശ്വസിക്കാൻ കഴിയില്ലെന്നും മിനിമം ചാർജ് 12 രൂപയാക്കിയില്ലെങ്കിൽ നിലനിൽപ്പ് പോലും പ്രതിസന്ധിയിലാകുമെന്നും ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. നഷ്ടത്തിലോടി കടംകയറി ഇനിയും തുടരാൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കുന്നത്. 2021നവംബർ മാസം മുതൽ ബസ് ചാർജ്ജ് വർദ്ധനവ് കാത്തിരിുന്നിട്ടും പ്രഖ്യാപനം ഉണ്ടാകാത്തതിലാണ് അനിശ്ചിത കാലം സമരം. മാർച്ച് 24 മുതൽ ബസുകൾ സർവീസ് നിർത്തിവയ്ക്കും.
മിനിമം ചാർജ് 12രൂപയാക്കണം. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം. വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ദ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയിൽ ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് ഇരട്ടപ്രഹരമാകുമെന്ന വിലയിരുത്തലാണ് സർക്കാരിനെ കുഴപ്പിച്ചത്. എന്നാൽ കണ്‍സെഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്ന സൂചന നൽകി വീണ്ടും ചർച്ചകൾ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാർജ് വർദ്ധനവിൽ എൽഡിഎഫിന്‍റെ അനുമതിയും വൈകുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam