
തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോഗത്തിലെ ബഹളത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. യോഗം ചേരാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് യോഗം ചേർന്നതെന്നും ചാൻസിലറുടെ അഭാവത്തിലാണ് പ്രൊ ചാൻസിലർ അധ്യക്ഷയായതെന്നും മന്ത്രി വിശദീകരിച്ചു. ഒരു അംഗം സുപ്രീം കോടതി വിധിക്കെതിരാണെന്ന് പറഞ്ഞു. മറ്റൊരംഗം പ്രമേയം പാസ്സാക്കി. പിന്നെ യോഗത്തിൽ ബഹളമായെന്നും മന്ത്രി ബിന്ദു പറഞ്ഞു.
വിസി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗമാണ് അലങ്കോലമായത്. മന്ത്രി ആര്‍ ബിന്ദു യോഗത്തിൽ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി രംഗത്ത് വന്നു. വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായെന്ന് മന്ത്രി അറിയിച്ചു. പിന്നാലെ യോഗം പിരിഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാൽ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സേര്‍ച്ച് കമ്മിറ്റിയിലേക്ക് താൻ പേര് നൽകുമെന്നും വ്യക്തമാക്കി.
കേരള സര്‍വകലാശാല പ്രോ ചാൻസലര്‍ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി അപൂര്‍വ സാഹചര്യങ്ങളിലാണ് സെനറ്റ് യോഗത്തിൽ പങ്കെടുക്കാറുള്ളത്. ഇന്ന് മന്ത്രിയാണ് യോഗത്തിന്റെ അജണ്ട വായിച്ചത്. ഇടത് അംഗങ്ങൾ യോഗത്തിന്റ അജണ്ടയെ എതിർത്തു. സേർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ കഴിയില്ലെന്ന് ഇടത് അംഗങ്ങൾ വാദിച്ചു. ഈ വാദം ഗവര്‍ണറുടെ നോമിനികൾ എതിര്‍ത്തു. തുടര്‍ന്ന് സെനറ്റ് യോഗം ബഹളത്തിൽ കലാശിച്ചു. സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തി. പ്രമേയം പാസായെന്ന് ഇടത് അംഗങ്ങൾ അറിയിച്ചു. ഇല്ലെന്ന് പ്രതിപക്ഷവും വാദിച്ചു.
പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനെ എതിര്‍ത്ത് വിസി രംഗത്ത് വന്നു. യോഗത്തിന്റ അജണ്ട വായിച്ചത് താനാണെന്നും യോഗത്തിന്റെ അധ്യക്ഷൻ താനാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ താനാണ് യോഗം വിളിച്ചതെന്നും ചട്ടപ്രകാരം താനാണ് യോഗത്തിന്റെ അധ്യക്ഷനെന്നും വിസി പറഞ്ഞു. മന്ത്രി അറിയിച്ചിട്ടും പ്രതിപക്ഷ അംഗങ്ങൾ പിരിഞ്ഞുപോയില്ല. പിന്നീടിവരിൽ പ്രതിപക്ഷ അംഗങ്ങൾ സെനറ്റ് പ്രതിനിധി എംസി ദിലീപ് കുമാറിന്റെ പേര് സേര്‍ച്ച് കമ്മിറ്റിയിലേക്ക് നിര്‍ദ്ദേശിച്ചു. എംകെസി നായരുടെ പേരാണ് ഗവര്‍ണറുടെ നോമിനികൾ നിര്‍ദ്ദേശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam