5 വര്‍ഷം മുമ്പ് എംഎല്‍എ ആയപ്പോൾ കൊടുത്ത വാക്ക്, മന്ത്രിയായപ്പോൾ പാലിച്ച് കെ രാജൻ, 67 പേര്‍ ഭൂമിയുടെ അവകാശികളായി

Published : Jul 09, 2025, 09:25 PM IST
minister k rajan

Synopsis

പാണഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ 67 പേര്‍ക്ക് റവന്യു മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. 

പാലക്കാട്: പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ - ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയം വിതരണം ചെയ്തു. തൃശ്ശൂര്‍ താലൂക്കിലെ പാണഞ്ചേരി വില്ലേജില്‍ രാജീവ് ദശലക്ഷം നഗറിലെ 42 പേര്‍ക്കും ഇരുമ്പ് പാലം നിവാസികളായ 21 പേര്‍ക്കും അതിദരിദ്രര്‍ക്കുള്ള 4 പട്ടയങ്ങളുമാണ് മന്ത്രി വിതരണം ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് എംഎല്‍എയും ചീഫ് വിപ്പും ആയി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഒരു കുടുംബ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി പട്ടയം കിട്ടാത്തതിന്റെ പ്രശ്‌നം അറിയിച്ചിരുന്നു. അന്ന് കൊടുത്ത വാക്ക് രാജീവ് ദശലക്ഷം നഗറിലെ മുഴുവന്‍ അര്‍ഹതപ്പെട്ടവരും ഭൂമിയുടെ അവകാശികളായി മാറും എന്ന് പ്രഖ്യാപിച്ച വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് നിറവേറിയതായും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

1994ല്‍ പാണഞ്ചേരി പഞ്ചായത്ത് നിര്‍ദ്ദേശിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 1994ല്‍ തന്നെ ഭവന നിര്‍മ്മാണ വകുപ്പിന്റെ ഭാഗമായിട്ടുള്ള ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ച് കൈമാറിയിരുന്നു. എന്നാല്‍ ആ ഗുണഭോക്താക്കള്‍ക്ക് രേഖ നല്‍കാന്‍ പറ്റിയിരുന്നില്ല. 2009 ല്‍ ഹൗസിംഗ് ബോര്‍ഡ് ഗുണഭോക്താക്കളുടെ വായ്പ പൂര്‍ണമായും എഴുതിത്തള്ളി. എങ്കിലും ഇവര്‍ക്ക് ഭൂമി പതിച്ചു നല്‍കുക എന്ന നടപടി ക്രമങ്ങളിലേക്ക് കടന്നിരുന്നില്ല. പലവിധ കാരണങ്ങളാല്‍ ഭൂമി നല്‍കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഇത്തവണ റവന്യൂ വകുപ്പ് മന്ത്രി ആയതോടെ 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന മുഖമുദ്രാവാക്യത്തോടെ ആരംഭിച്ചതാണ് പട്ടയം മിഷന്‍. മണ്ഡലത്തിനകത്ത് ഉയര്‍ന്നുവരുന്ന പട്ടയ പ്രശ്‌നങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യാനും 140 നിയോജക മണ്ഡലങ്ങളിലും ജില്ലയിലും തീരാത്ത പ്രശ്‌നങ്ങള്‍ ആണെങ്കില്‍ ഒരു പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും പട്ടയ ഡാഷ് ബോര്‍ഡ് മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തിക്കൊണ്ട് അവര്‍ക്ക് ആവശ്യമായ നടപടികള്‍ എടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഡാഷ് ബോര്‍ഡ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

2011 മുതല്‍ 2016 വരെയുള്ള കാലത്ത് നമ്മുടെ ജില്ലയില്‍ ആകെ വിതരണം ചെയ്ത 77 വനഭൂമി പട്ടയങ്ങളില്‍ കേവലം 18 എണ്ണം മാത്രമാണ് ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ നിയോജക മണ്ഡലത്തില്‍ മാത്രം വനഭൂമി പട്ടയമായി വിതരണം ചെയ്തത് മൂവായിരത്തോളം പട്ടയങ്ങളാണ്. ഈ പട്ടയ മേളയില്‍ വിതരണം ചെയ്യാന്‍ 256 വനഭൂമി പട്ടയങ്ങള്‍ ഇപ്പോള്‍ തയ്യാറാണ്. അതിനായി ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നതില്‍ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

1994ല്‍ ഇവിടെയുള്ളവര്‍ക്ക് പട്ടയം കിട്ടാത്ത സമയം മുതല്‍ കേന്ദ്ര ഗവ. വനഭൂമി പട്ടയം നാലായിരത്തി അഞ്ഞൂറോളം അപേക്ഷകള്‍ അണ്‍പ്രോപ്പര്‍ എന്ന് കാണിച്ചു തിരിച്ചയച്ചിരുന്നു. ഈ അപേക്ഷകള്‍ പത്ത് ടീമോളം സര്‍വ്വേയര്‍മാരെ വച്ച് അതികഠിനമായ പരിശോധന നടത്തി ഇപ്പോള്‍ ജില്ലാ കളക്ടറുടേയും ഈ ടീമിന്റേയും നേതൃത്വത്തില്‍ 4,118 അപേക്ഷകള്‍ കഴിഞ്ഞ 25-ാം തിയ്യതി ഇതിനായി പ്രത്യേക ഓഫീസ് തന്നെയുണ്ടാക്കി കേന്ദ്ര ഗവണ്‍മെന്റിന് അയച്ചു കഴിഞ്ഞു. ഈ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ പട്ടയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചുവരുന്ന ജില്ലാ കളക്ടറുടെയും എഡിഎമിന്റെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തിലുള്ള റവന്യൂ ടീമിനെ മന്ത്രി അഭിനന്ദിക്കുന്നതായും പറഞ്ഞു.

ജോയിന്റ് വെരിഫിക്കേഷന്‍ ഭൂമിയുള്ളതിന് റവന്യൂ വകുപ്പിന്റെ അവസാന അനുമതി കൂടി ലഭിച്ചാല്‍ ജൂലൈ മാസത്തോടെ 30 വര്‍ഷക്കാലത്തിന് ശേഷം കേരളത്തില്‍ റവന്യൂ-വനം വകുപ്പ് നടത്തുന്ന ജോയിന്റ് വെരിഫിക്കേഷന്‍ ആരംഭിക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ചുവന്ന മണ്ണ് ജംക്ഷന്‍ മുതല്‍ പൂവന്‍ചിറ റോഡ് വരെയുള്ള പിഡബ്‌ള്യുഡി റോഡ് നവീകരിച്ച് ടാറിട്ട റോഡ് ആക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ അനുമതിലഭി ലഭിച്ചതായും മന്ത്രി അറിയിച്ചു.

ചുവന്നമണ്ണ്, കുതിരാന്‍ - ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിന്റ് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വാഗതവും തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ നന്ദിയും പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി അനിത, സുബൈദ അബൂബക്കര്‍, ഇ.ടി ജലജന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, എ.ഡി.എം ടി. മുരളി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്