
പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടപ്പോൾ അതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജി വക്കേണ്ടിവന്ന ചരിത്രവുമുണ്ട് ആര്‍ ബാലകൃഷ്ണപ്പിള്ളക്ക്. പഞ്ചാബ് മോഡൽ പ്രസംഗം എന്നാണ് ആ വിവാദം പിൽക്കാലത്ത് അറിയപ്പെട്ടത്. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ പ്രസംഗം.
1985 -മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പ്രസംഗത്തിന് പിന്നാലെ സംഭവവികാസങ്ങൾ, ജി കാർത്തികേയനെ മുൻനിർത്തിയുള്ള കെ കരുണാകരന്റെ കളിയായിരുന്നു എന്നാണ് ആത്മകഥയിൽ അദ്ദേഹം വിമർശനം ഉന്നയിച്ചത്. അന്നത്തെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ആക്ഷേപമുയർത്തി പിള്ള.
കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. വ്യവസായ വികസനത്തിൽ പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ച പിള്ള, ആവശ്യമെങ്കിൽ ആ ശൈലി കേരളം പിന്തുടരണമെന്നും പ്രസംഗിച്ചു. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകൾ.
കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി കേന്ദ്ര സർക്കാർ പഞ്ചാബിലേക്ക് മാറ്റിയതിലെ പ്രതിഷേധം കലാപ ആഹ്വാനത്തോളം വളര്‍ന്നപ്പോൾ ആര്‍ ബാലകൃഷ്ണപിള്ളക്ക് തെറിച്ചത് മന്ത്രിസ്ഥാനമാണ്. പഞ്ചാബിൽ വിഘടനവാദം (ഖലിസ്ഥാൻ വാദം) കത്തിനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവദം കത്തിക്കയറി. കാലപ ആഹ്വാനത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യപ്രവർത്തകർ സംയുക്തമായി പ്രസംഗത്തിൽ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കി.
ഹൈക്കോടതി ഇടപ്പെടലിനെ തുടര്‍ന്നാണ് ഒടുവിൽ ആര്‍ ബാലകൃഷ്ണപിള്ളക്ക് അന്ന് രാജിവയ്ക്കേണ്ടിവന്നത്. വാക്കുകളിൽ വിവാദം ഒളിപ്പിക്കുന്ന തനത്ശൈലി പിന്നീടും പലവട്ടം ആര്‍ ബാലകൃഷ്ണപ്പിള്ള ആവര്‍ത്തിച്ചതിനും കേരളരാഷ്ട്രീയം സാക്ഷിയായെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗം ചരിത്രത്തിൽ പിള്ളയുടെ കറുത്ത ഏടുകളായി രേഖപ്പെടുത്തപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam