
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും. ശമ്പള - പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ഒരു ലോൺ പോലും കിട്ടുന്നില്ല. ആദ്യ ഘട്ടമെന്ന നിലയിൽ സമ്പൂർണ ചെലവ് ചുരുക്കിയേ തീരൂ. സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസൽ ലാഭിക്കാൻ കഴിയുന്നുണ്ട് സർവ്വീസുകള ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്.
പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനമില്ലാത്ത ബസുണ്ട്. അന്തർ സംസ്ഥാന സർവ്വീസ് ഉൾപ്പെടെ റദ്ദാക്കും. എംഎല്‍എമാര്‍ സഹകരിക്കുന്നുണ്ട് പത്തനാപുരത്ത് ഉൾപ്പെടെ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ ചോദ്യം ചോദിച്ച് എന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടിസി എംഡി മാറുന്നുവെന്ന് കാര്യം അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. 2019ല്‍ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. വോള്‍വോ ലോ ഫ്‌ളോര്‍ എസി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക.
പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂര്‍, തെങ്കാശി, തേനി, വാളയാര്‍, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സര്‍വീസുകളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളില്‍ നിന്നും സര്‍വീസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വീസുകളുടെ സമയക്രമം, ഓപ്പറേറ്റ് ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam