
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്നാണ് കത്തിലെ ആവശ്യം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ഉത്തരവുകൾ തിരുത്തിയില്ലെങ്കിൽ ഈ ദേവസ്വം ബോർഡിനും കൊള്ളയിൽ പങ്കുണ്ടെന്ന ധാരണയിൽ സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ കുറ്റപത്രത്തിനുശേഷം മാത്രമേ ഇടപെടാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രത്തിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്വർണക്കൊള്ള കേസില്‍ കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ശബരിമലയിലെത്തിയിരുന്നു. പ്രഭാമണ്ഡലത്തിൽ നിന്നടക്കം ശേഖരിച്ച സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് വീണ്ടും എസ്ഐടി പരിശോധന നടത്തുന്നത്. ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാര്‍ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് എസ്ഐടി നോട്ടീസ് അയച്ചിട്ടുണ്ട്. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam