പൂരം കലക്കൽ: മന്ത്രിസഭാ യോഗത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി രാജൻ; കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

Published : Sep 25, 2024, 01:24 PM ISTUpdated : Sep 25, 2024, 02:18 PM IST
പൂരം കലക്കൽ: മന്ത്രിസഭാ യോഗത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി രാജൻ;  കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

Synopsis

ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി കെ രാജൻ. പൂരം കലക്കൽ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാൾ കൂടിയെന്ന് എഡിജിപിക്കും പൊലീസുകാർക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മന്ത്രി പറഞ്ഞു. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജൻ വിമ‍ർശിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടി.

പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൻറെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്. എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാൾ സ്ഥിതി മാറി. പൂരം കലക്കലിൻറെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും കെ രാജൻ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി അറിഞ്ഞ് തുടർ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

എഡിജിപിയെ പൂർണ്ണമായും സംശയ നിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു,  എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്. സിപിഐയും പ്രതിപക്ഷവും ഉയർത്തുന്ന സംശയങ്ങൾ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സർക്കാറിനെയും എത്തിക്കുന്നത്. . ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത. ഡിജിപി, അജിത് കുമാറിനെ കുറ്റപ്പെടുത്തുമ്പോൾ അജിത് കുമാർ തിരുമ്പാടി ദേവസ്വത്തെ സംശയനിഴലിൽ ആക്കുന്നുണ്ട്. 

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

  • പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് ഒരു ഹെഡ് ക്ലർക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻറൻറ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.
  • സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെൻറിൻറെ പേര് പബ്ലിക്ക് പ്രൊക്വയർമെൻറ് അഡ്വൈസറി ഡിപ്പാർട്ട്മെൻറ് എന്ന് മാറ്റുന്നതിനുള്ള ഭേദഗതിക്ക് ഗവർണറുടെ അനുമതി തേടും.
  • ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാർ - പോതമേട് റോഡിൽ ഹെഡ് വർക്ക്സ് ഡാമിന് താഴ്ഭാഗത്ത് പുതിയ പാലം നിർമ്മാണത്തിനുള്ള ടെണ്ടർ അംഗീകരിച്ചു. 
  • തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് - സ്റ്റേഷൻകടവ് റോഡ് പ്രവൃത്തിക്കുള്ള ടെണ്ടർ ​അംഗീകരിച്ചു. 
  • 2024 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിൻ്റെ കരട് അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും
  • ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക്/ ആശ്രിതർക്ക് ഓരോരുത്തർക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷൻ നൽകുന്നതിന് ആവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. ഓണത്തോട് അനുബന്ധിച്ച് മുൻവർഷങ്ങളിൽ നൽകിയ രീതിയിലാണിത്.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2024 സെപ്തംബർ 19 മുതൽ 24വരെ 4,53,20,950 രൂപയാണ് വിതരണം ചെയ്തു. 2153 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ. തിരുവനന്തപുരത്ത് 115 പേർക്ക്  24,82,000 രൂപ  ലഭിച്ചു. കൊല്ലത്ത് 429 പേർക്ക് 68,43,000 രൂപ, പത്തനംതിട്ട 8 പേർക്ക് 2,88,000 രൂപ, ആലപ്പുഴ 190 പേർക്ക് 33,33,000 രൂപ, കോട്ടയം 34 പേർക്ക് 9,22,000 രൂപ, ഇടുക്കി 85 പേർക്ക് 11,18,000 രൂപ, എറണാകുളം 255 പേർക്ക് 41,92,500 രൂപ, തൃശ്ശൂർ 249 പേർക്ക് 61,45,450 രൂപ, പാലക്കാട് 161 പേർക്ക് 35,48,000 രൂപ, മലപ്പുറം 204 പേർക്ക് 66,62,000 രൂപ, കോഴിക്കോട് 184 പേർക്ക് 30,33,000  രൂപ, വയനാട് 9 പേർക്ക് 1,78,000 രൂപ, കണ്ണൂർ 16 പേർക്ക് 8,08,000 രൂപ, കാസർകോട് 214 പേർക്ക് 57,68,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ