കോളേജ് യൂണിയൻ ചെയർമാൻമാർ വിദേശത്തേക്ക്, ഉറച്ച് സർക്കാർ; പാഴ്ചെലവെന്ന് ചെന്നിത്തല

By Web TeamFirst Published Dec 10, 2019, 2:40 PM IST
Highlights

'അവർ ലോകം കാണണം, ലോകമെങ്ങനെയെന്ന് അറിയണം', എന്നാണ് മന്ത്രി കെ ടി ജലീൽ പറയുന്നത്. ഓട്ടക്കാലണയില്ലാത്ത ഖജനാവിൽ കടം വാങ്ങിയ പണം കൊണ്ട് എന്തിനീ ധൂർത്തെന്ന് ചെന്നിത്തല.

തിരുവനന്തപുരം: കേരളത്തിലെ വിവിധ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെ യുകെയിൽ പരിശീലനത്തിന് അയക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ. വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ കെടി ജലീൽ, സർക്കാർ- ഇതര കോളേജുകളിലെ ചെയർമാൻമാരെയും പരിശീലനത്തിന് അയക്കുമെന്ന് വ്യക്തമാക്കി. ചെയർമാൻമാരുടെ വിദേശയാത്ര ധൂർത്താണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രളയാനന്തര കേരളത്തിൽ എന്തിനാണീ പാഴ്ചെലവെന്നാണ് ചോദിക്കുന്നത്.

സർക്കാർ കോളേജുകളിലെ യൂണിയൻ ഭാരവാഹികളെ കാ‍ർഡിഫ് സർവ്വകലാശാലയിൽ  നേതൃഗുണ പരിശീലനത്തിന് അയക്കാനുള്ള തീരുമാനം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക കാലത്തെ വിദേശപരിശീലനം വിവാദമാകുമ്പോഴും സർക്കാറിന് കുലുക്കമില്ല. നിലവിൽ സർക്കാർ കോളേജുകളിലെ ചെയർമാൻമാർക്ക് മാത്രമേ പരിശീലനമുള്ളൂ.

''ഇനി ഈ പരിശീലന പരിപാടി ക്രമേണ സർക്കാർ ഇതര കോളേജുകളിലെ ചെയർമാൻമാർക്കും നൽകും. വളർന്നു വരുന്ന ചെറുപ്പക്കാർ എന്താണ് ലോകമെന്നറിയട്ടെ. എന്താണ് ലോകത്ത് നടക്കുന്നത് എന്നതിന്‍റെ അനുഭവസാക്ഷ്യങ്ങളുണ്ടാകണം. ആക്ഷേപങ്ങളും ആരോപണങ്ങളും സാധാരണമാണ്. അതിനെ അതിജീവിച്ച് നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തണം'', എന്ന് മന്ത്രി കെ ടി ജലീൽ.

66 സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെ കാർഡിഫിലേക്ക് അയക്കാൻ ഒരൂ കോടിയിലേറെ രൂപ ചെലവാകുമെന്നാണ് കോളേജ് വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്. ഇനി എയ്ഡഡ്- സ്വകാര്യ കോളേജുകളിലെ ചെയർമാൻമാരെയും യാത്രയിൽ ഉൾപ്പെടുത്തിയാൽ ഖജനാവിൽ നിന്നും കൂടുതൽ കോടികൾ ചോരുമെന്ന് ഉറപ്പ്.

''അക്കാദമിക് സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന ഈ പണം ഇങ്ങനെ ധൂർത്തടിക്കുന്നതെന്തിനാണ്? ഈ നടപടി അവസാനിപ്പിക്കണം'', എന്ന് ചെന്നിത്തല.

കോളേജ് വിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ യൂണിയൻ ചെയർമാൻമാരെല്ലാം പാസ്പോർട്ട് എടുക്കാനുള്ള നടപടിയും തുടങ്ങി. അടുത്ത മാസം യാത്ര നടത്താനാണ് തീരുമാനം. 

click me!