മുഴുവൻ തെരുവ് നായ്ക്കളെയും മാറ്റുകയെന്നത് പ്രായോ​ഗികമല്ല: മന്ത്രി എം ബി രാജേഷ്

Published : Nov 07, 2025, 06:28 PM IST
Minister MB Rajesh

Synopsis

കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോ​ഗികമല്ലെന്ന് മന്ത്രി എം ബി രാജേഷ്. തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോ​ഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ്നായക്കളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു. സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകും. കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവ്നായകളുണ്ട്. ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.

പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്. കാടിനോട് ചേർന്ന് ആൾപാർപ്പില്ലാത്ത പ്രദേശങ്ങൾ കണ്ടെത്തി ഷെൽട്ടർ ഹോമുകൾ തുടങ്ങാമെന്ന് മുൻപ് നിർദേശമുയർന്നിരുന്നു. ഷെൽട്ടർ ഹോമുകളിൽ ഓരോ നായക്കും ഓരോ കൂട് വേണ്ടിവരും. കൂടുതൽ ആനിമൽ ക്യാചർമാരെ ഇതിനായി വിന്യസിക്കേണ്ടിവരും. ഇതെല്ലാം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയുണ്ട്. മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോ‍ർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുക.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി