'തൊഴിലുറപ്പ് അവകാശം ആണെന്ന ആശയത്തിൽ നിന്ന് കേന്ദ്രം പൂർണമായി പിൻവാങ്ങുന്നു': പുതിയ ബില്ലിനെതിരെ മന്ത്രി പി രാജീവ്

Published : Dec 16, 2025, 02:51 PM IST
P Rajeev

Synopsis

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന ബില്ലാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ് 

കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടും വിധത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ്. പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണിത്. തൊഴിലുറപ്പ് എന്നത് അവകാശം ആണെന്ന ആശയത്തിൽ നിന്ന് കേന്ദ്രസർക്കാർ പൂർണ്ണമായി പിൻവാങ്ങുകയാണെന്നും മന്ത്രി വിമർശിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടും വിധത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) അടിസ്ഥാന തത്വങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ബിൽ, പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണ്. തൊഴിലുറപ്പ് എന്നത് അവകാശം ആണെന്ന ആശയത്തിൽ നിന്ന് യൂണിയൻ ഗവണ്മെൻ്റ് പൂർണ്ണമായി പിൻവാങ്ങുന്നതാണ് ഈ നീക്കം. ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായി കനത്ത ഭാരവും ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് കടുത്ത തിരിച്ചടിയുമാകും ഈ നീക്കം. ബഹു. മുഖ്യമന്ത്രി തന്നെ ഈ ബില്ലിൽ നിന്ന് പിന്മാറണമെന്ന് യൂണിയൻ ഗവണ്മെൻ്റിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ചർച്ചയിൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട വിഷയങ്ങളിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വ്യതിചലിക്കുന്നതാണ് കണ്ടത്. പദ്ധതിയുടെ പേരിനെക്കുറിച്ചുള്ള വിഷയത്തിനൊപ്പം തന്നെ ഈ അടിസ്ഥാന വിഷയങ്ങളും യുഡിഎഫ് അംഗങ്ങൾ മുഖ്യമായി അവതരിപ്പിക്കണമായിരുന്നു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് പൊതുമിനിമം പരിപാടിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ ഫണ്ട് വിഹിതം വെട്ടിക്കുറയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു. തുടർന്നുവന്ന ബിജെപി നേതൃത്വത്തിലുള്ള യൂണിയൻ ഗവണ്മെൻ്റ് കഴിഞ്ഞ പത്തുവർഷമായി ഈ പദ്ധതിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കൂലി വൈകിച്ചും, വൻ തോതിൽ കുടിശ്ശിക വരുത്തിയും, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചും തൊഴിലാളികളെ നിരുത്സാഹപ്പെടുത്താനായിരുന്നു ആദ്യ ശ്രമങ്ങൾ. മാസങ്ങൾ കൂലി നൽകാതെ വരുമ്പോൾ തൊഴിലാളികൾ ജോലിക്ക് വരാതെയാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ആ നീക്കങ്ങളുടെയാകെ അന്തിമചുവടാണ് ഈ പുതിയ ബിൽ.

തൊഴിലുറപ്പ് പദ്ധതിയുടെ കാതൽ, ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് കുറഞ്ഞത് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന 'തൊഴിൽ അവകാശം' എന്നതായിരുന്നു. പുതിയ ബില്ലിൽ ഈ ആശയം തന്നെ ഇല്ലാതാക്കുന്നു. ആവശ്യാനുസരണം തൊഴിൽ നൽകുന്ന 'ഡിമാൻഡ് ഡ്രിവൻ' സ്കീം എന്നതിൽ നിന്ന് മാറി, കേന്ദ്രം മുൻകൂട്ടി നിശ്ചയിക്കുന്ന ടാർഗറ്റിനും ലേബർ ബഡ്ജറ്റിനും അനുസരിച്ച്, ലഭ്യമാണെങ്കിൽ മാത്രം തൊഴിൽ നൽകുന്ന രീതിയിലേക്ക് പദ്ധതിയെ ചുരുക്കുകയാണ്. തൊഴിൽ നൽകുക എന്ന നിയമപരമായ ചുമതലയിൽ നിന്ന് കേന്ദ്രം പൂർണ്ണമായി കൈയൊഴിയുന്നു. അനുവദിച്ച ബഡ്ജറ്റിന് മുകളിൽ വരുന്ന അധിക തൊഴിൽ ദിനങ്ങളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവെക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

പുതിയ ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ, പദ്ധതിയുടെ ഫണ്ടിംഗ് പാറ്റേണിലുള്ള മാറ്റമാണ്. നിലവിലെ ഫണ്ടിംഗ് പാറ്റേണിൽ മാറ്റം വരുത്തി, പദ്ധതിയുടെ ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾക്ക് മേലെ കൊണ്ടുവരികയാണ്. അതായത് കേരളത്തിൽ പ്രതിവർഷം ശരാശരി 4000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ 40 ശതമാനം തുകയായ 1600 കോടി രൂപ സംസ്ഥാനത്തിന്റെ അധിക ബാധ്യതയായി മാറും. തീരുമാനങ്ങളെടുക്കുന്നതിൽ സംസ്ഥാനത്തിനോട് ഒരു ചർച്ചയും നടത്താതെ ചെലവിന്റെ പകുതിയോളം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നീക്കത്തിലൂടെ തൊഴിൽ നൽകാത്തതിലും വേതനം വൈകുന്നതിലും ഉള്ള നഷ്ടപരിഹാരം പോലും സംസ്ഥാനം വഹിക്കേണ്ടിവരികയാണ്.

രാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട്, ജി റാം ജി (വികസിത് ഭാരത്- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ-ഗ്രാമീൺ) എന്ന പുതിയ പേരാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് പദ്ധതിയുടെ ചരിത്രപരമായ പശ്ചാത്തലത്തോടും സ്ഥാപക ലക്ഷ്യങ്ങളോടുമുള്ള അവഗണനയാണ്. കോവിഡ് കാലത്തുൾപ്പെടെ പാവപ്പെട്ട തൊഴിലാളികൾക്ക് ഉപജീവനവും പട്ടിണി ഒഴിവാക്കലും ഉറപ്പാക്കിയതിൽ തൊഴിലുറപ്പ് പദ്ധതിക്ക് വലിയ പങ്കുണ്ടായിരുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ഈ പദ്ധതിയുടെ കടയ്ക്കൽ കത്തിവെക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി
ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്