'സംരംഭകവർഷം പദ്ധതി:8 മാസത്തിനുള്ളിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങൾ,സമാനതകളില്ലാത്ത നേട്ടം' മന്ത്രി പി രാജീവ്

Published : Nov 25, 2022, 05:42 PM ISTUpdated : Nov 25, 2022, 05:46 PM IST
'സംരംഭകവർഷം പദ്ധതി:8 മാസത്തിനുള്ളിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങൾ,സമാനതകളില്ലാത്ത നേട്ടം' മന്ത്രി പി രാജീവ്

Synopsis

പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി 

തിരുവനന്തപുരം: കഴിഞ്ഞ എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്‍റെ  സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളെന്ന് മന്ത്രി പി രാജീവ് .സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. 

മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ട്.

കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 40622 പേർക്ക് തൊഴിൽ നൽകാൻ ഈ കാലായളവിൽ സാധിച്ചു. 16129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ  963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 22312 തൊഴിലവസരങ്ങളാണ്. 10743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 7048 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16156 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 54108 തൊഴിലുകൾ നൽകുന്നതിനായി 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ  നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്. 

ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന 130 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു