
തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഡോ. എ ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിശ്ചയിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്ക് ജയതിലക് ചുമതലയേൽക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിനെ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്താൻ തീരുമാനിച്ചു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി (ഇറിഗേഷന്‍) അഡ്വ.ഡേവിസ് പി ഐയെ നിയമിക്കും. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ - റെറ)യില്‍ മെമ്പറായി എ മുഹമ്മദ് ഷബീറിനെ നിയമിക്കും. വാഴക്കുളം അഗ്രോ ആന്‍റ് ഫ്രൂട്ട്സ് പ്രൊസസിങ്ങ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സജി ജോണിനെ നിയമിക്കും.
തൃശ്ശൂര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് വിരമിച്ച പ്രൊഫ. വി ഐ താജുദ്ദീന്‍ അഹമ്മദിന് കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം ദീര്‍ഘിപ്പിച്ച് നല്‍കും. കൊല്ലം ജില്ലയിലെ കുമ്മല്ലൂർ - പള്ളിക്കമണ്ണടി പാലത്തിന്റെ നിർമ്മാണത്തിനായുള്ള 11,07,69,654 രൂപയുടെ ടെണ്ടർ അംഗീകരിച്ചു. കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന് 10 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അഞ്ച് വര്‍ഷത്തേക്ക് അനുവദിക്കും. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 15 വര്‍ഷത്തേക്ക് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടിയും അനുവദിക്കും.
തൃശൂർ ജില്ലയിൽ 2024 ൽ ഉണ്ടായ അതിശക്തമായ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1810 പേർക്കുളള ധനസഹായത്തിന്റെ ആകെ സിഎംഡിആർഎഫ് വിഹിതമായ 5,68,35,500 രൂപ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തൃശൂർ ജില്ലാ കളക്ടർക്ക് അനുവദിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam