Covid 19 : ഇനിയും കണക്കെടുപ്പ് പൂർത്തിയായില്ല; വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്നും പുറത്തുവിടില്ല

By Web TeamFirst Published Dec 3, 2021, 7:43 PM IST
Highlights

ഇന്ന് ഉച്ചക്ക് മുമ്പ് കണക്ക് പറയുമെന്നായിരുന്നു രാവിലെ മന്ത്രി ശിവൻകുട്ടി അറിയിച്ചത്

തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ (covid vaccine) എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ പുറത്തുവിടുന്നത് ഇന്നുണ്ടാകില്ല. കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടാനാകാത്തതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ (Minister of Education) ഓഫീസ് അറിയിച്ചു. ഇവരുടെ പൂ‍ർണമായ കണക്ക് വിവരങ്ങള്‍ നാളെ രാവിലെ 9 മണിക്ക് പുറത്തുവിടുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ന് ഉച്ചക്ക് മുമ്പ് കണക്ക് പറയുമെന്നായിരുന്നു രാവിലെ മന്ത്രി ശിവൻകുട്ടി അറിയിച്ചത്.

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ (Omicron) ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരോട് കാരണം കാണിക്കൽ നോട്ടീസ് നൽകും

അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം ഓ‍ർമ്മപ്പെടുത്തിയിരുന്നു.

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും, പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ: മന്ത്രി

അതേസമയം വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നതിനപ്പുറമുള്ള നടപടികൾ എന്താകും എന്ന കാര്യത്തിൽ വ്യക്തമായ മറുപടിയൊന്നുമുണ്ടായിട്ടില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയർ സെക്കൻ‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍റെ ആവശ്യം.

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെന്ന ആശയക്കുഴപ്പത്തിൽ സർക്കാർ; കൃത്യമായ കണക്കുമില്ല

click me!