
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പ്രതിപക്ഷം മാധ്യമങ്ങളുമായി ചേർന്ന് നുണ പ്രചരണം നടത്തുകയാണ്. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല. അതു യാദൃശ്ചികമായി സംഭവിച്ചതാണ്. എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല. കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണ്. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടലാണ്. ആദ്യം തന്നെ അനുമതി നിഷേധിച്ചു. 187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയത്. അപേക്ഷ നൽകാൻ വൈകിയിരുന്നില്ല. 154 സിനിമകൾക്ക് ആദ്യം അനുമതി തന്നു. പിന്നീട് നാല് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചു. 19 സിനിമയ്ക്ക് ആണ് അംഗീകാരം ലഭിക്കാത്തത്. കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുകയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകർക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതിൽ ആശങ്കയുണ്ട്. സിനിമ പ്രദർശിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും ഇതിനായി വിശദമായ കത്തുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam