പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു; കോൺഗ്രസിനും ബിജെപിക്കുമെതിരെ മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Aug 2, 2021, 5:53 PM IST
Highlights

നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ പ്രതിപക്ഷം കാണാത്തത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കൊണ്ഗ്രസ്സിനും തോൽവി  ഉണ്ടായതെന്ന് അദ്ദേഹം പരിഹസിച്ചു

തിരുവനന്തപുരം: തന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷം നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂജപ്പുരയിലെ പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ വിമർശനം.

നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ പ്രതിപക്ഷം കാണാത്തത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കൊണ്ഗ്രസ്സിനും തോൽവി  ഉണ്ടായതെന്ന് അദ്ദേഹം പരിഹസിച്ചു. തകർന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോൺഗ്രസെന്ന് എന്ന് അദ്ദേഹം വിമർശിച്ചു. ജനം തെരഞ്ഞെടുത്ത് എംഎൽഎ ആയ തന്നെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് മന്ത്രിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ പ്രസ്താവനയ്ക്കായിരുന്നു മറുപടി.

വിവി രാജേഷിന്റെ ആ പ്രഖ്യാപനത്തിന് ഒരു വിലയും ഇല്ലെന്ന് തെളിഞ്ഞു. നേമത്തെ ജനം തെരഞ്ഞെടുത്തത് തന്നെയാണ്. രാഷ്ട്രീയപ്രവർത്തനത്തിന് ചില മൂല്യങ്ങൾ ഉണ്ട്. ബിജെപി തന്റെ സ്വകാര്യ വസതിക്ക് മുന്നിൽ സമരം നടത്തുന്നു. മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നിൽ സമരം നടത്തുന്നത് ഇത് ആദ്യമായാണ്. ഇത് നേമത്തെ  അക്കൗണ്ട് പൂട്ടിച്ചത്തിലെ പ്രതികാരമാണെന്നും ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

click me!