'വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാന്‍ സമരക്കാർ പരിശ്രമിക്കുന്നു'; വീണ്ടും വിമര്‍ശനവുമായി വി ശിവൻകുട്ടി

By Web TeamFirst Published Nov 29, 2022, 12:23 PM IST
Highlights

പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാറിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ പല കാരണങ്ങൾ പറഞ്ഞ് സമരത്തിന് നിർബന്ധിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കേസിൽ ബുന്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ എന്നും  വി ശിവൻകുട്ടി ചോദിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ആക്രമണത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്ക്കരണത്തില്‍ സംശയമുള്ളവർ ഉണ്ടെങ്കിൽ അവരുമായി വീണ്ടും ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കി പാഠ്യപദ്ധതി അടിച്ചേൽപ്പിക്കാൻ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം.

Also Read: വിഴിഞ്ഞം സമരം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചു

അതിനിടെ, സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷ്യൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സുരക്ഷ. ഡിഐജി ആർ നിശാന്തിനിയെ വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീറാക്കി നിയമിച്ചു. നാല് എസ്പിമാരും അസി. കമ്മീഷണർമാരും അടങ്ങുന്ന പ്രത്യേക സംഘവമുണ്ട്. ക്രമസമാധാന പാലനത്തിനൊപ്പം ഇതേവരെ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണവും ഈ സംഘത്തിനായിരിക്കും. 

click me!