'സ്കൂൾ ശോചനീയാവസ്ഥയിൽ, അപേക്ഷിച്ചിട്ട് നടപടിയില്ല, വിആര്‍എസ് എടുക്കുന്നു'വെന്ന് അധ്യാപിക; മറുപടിയുമായി മന്ത്രി

By Web TeamFirst Published Jan 13, 2023, 12:43 PM IST
Highlights

ടീച്ചർക്ക് നൽകുന്ന വാക്ക് എന്ന തലക്കെട്ടോടെ മന്ത്രി അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സ്കൂളിന്റെ പരിമിതികൾ ചൂണ്ടിക്കാണിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത അധ്യാപികക്ക് മറുപടിയുമായി വി​ദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ​'ഗവൺമെന്റ് യുപിഎസ് അല്ലപ്രയുടെ ശോചനീയാവസ്ഥ ആർക്കും ബോധ്യപ്പെടുന്നില്ലെന്നും നിരവധി തവണ അപേക്ഷ നൽകിയിട്ടും അനുകൂലമായ നടപടികൾ ഒന്നും നടന്നില്ലെന്നും  4 വർഷം കൂടി സർവ്വീസ് ഉണ്ടായിട്ടും വിആർഎസിന് അപേക്ഷിച്ച് കളം ഒഴിയുന്നു' എന്നായിരുന്നു അധ്യാപിക സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണം. കമന്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അധ്യാപികയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി. സ്കൂളിന്റെ അവസ്ഥ പരിഹരിക്കാമെന്നാണ് മന്ത്രിയുടെ വാക്കുകൾ. 'സ്കൂളിൽ കെട്ടിടം അനുവദിച്ചില്ല എന്നതിന്റെ പേരിൽ ടീച്ചർ വി ആർ എസ് എടുക്കേണ്ടതില്ല. സ്കൂളിന്റെ ഒരു നിവേദനം എനിക്ക് അയക്കുക' എന്നാണ് അധ്യാപികയ്ക്ക് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്. 

'ടീച്ചർക്ക് നൽകുന്ന വാക്ക്' എന്ന തലക്കെട്ടോടെ മന്ത്രി അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിളയൂർ ഗവ.ഹൈസ്കൂൾ കെട്ടിടത്തിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സ്വന്തം സ്കൂളിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് അധ്യാപിക എത്തിയത്. മന്ത്രിയുടെ പ്രതികരണത്തിൽ അധ്യാപിക നന്ദി പറയുകയും ചെയ്യുന്നുണ്ട്. 

അധ്യാപികയുടെ കുറിപ്പിങ്ങനെ
പക്ഷേ ഗവണ്മെന്റ് യുപിഎസ് അല്ലപ്രയുടെ ശോചനീയാവസ്ഥ മാത്രം ആർക്കും ബോധ്യപ്പെടുന്നില്ല. എല്ലാവർഷവും അപേക്ഷിക്കുന്നുണ്ട്. അങ്ങയുടെ കയ്യിൽ നേരിട്ട് നിവേദനം തന്നു. അങ്ങയുടെ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകി. Through പ്രോപ്പർ ചാനൽ പേപ്പർ സമർപ്പിച്ചു. എറണാകുളം കളക്ടർക്ക് നൽകിയ പരാതി ബോധ്യപ്പെട്ട് ഉടൻ തന്നെ അപേക്ഷ നൽകി. സംഘടനാ തലത്തിലും കാലുപിടിച്ചു. എന്നിട്ടും ഒന്നും നടന്നില്ല. അവസാനം മനസ്സ് മടുത്ത്. ഇനിയും 4 വർഷം കൂടി സർവീസ് ഉണ്ടായിട്ടും VRS ന് apply ചെയ്ത് കളം ഒഴിയുന്നു. ഇനി ആരുടെയും കാല് പിടിക്കാൻ വയ്യ.

മന്ത്രിയുടെ മറുപടി
സർക്കാർ സ്കൂളിൽ കെട്ടിടം അനുവദിച്ചില്ല എന്നതിന്റെ പേരിൽ ടീച്ചർ വി ആർ എസ് എടുക്കേണ്ടതില്ല. സ്കൂളിന്റെ ഒരു നിവേദനം എനിക്ക് അയക്കുക. ഇ - മെയിൽ വിലാസം min.edu@kerala.gov.in. അയച്ചതിന് ശേഷം ഇവിടെ തന്നെ മെൻഷൻ ചെയ്തോളൂ.. നടപടി ഉണ്ടാകും.

 

 

click me!